ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, 'ഡിജിപി എടുക്കുന്ന നടപടിയെക്കുറിച്ച് അറിയിക്കണം'

Published : Aug 23, 2024, 11:27 AM ISTUpdated : Aug 23, 2024, 11:36 AM IST
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, 'ഡിജിപി എടുക്കുന്ന നടപടിയെക്കുറിച്ച് അറിയിക്കണം'

Synopsis

സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.   

കണ്ണൂർ: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മലയാള സിനിമാ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കെ ബൈജൂനാഥ്  ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ - സാംസ്ക്കാരിക മന്ത്രിക്കും കത്ത് നൽകി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്ക് നല്‍കി കത്തിന്‍റെ പൂര്‍ണ രൂപം

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

നിയമ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നത് നിയമ വ്യവസ്ഥയുടെ ആവശ്യകതയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ 'സീറോ ടോളറന്‍സ്' സമീപനമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടത്. പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അതിന്‍ മേല്‍ അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. 

ഇതു പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചെയ്‌തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്നതു സര്‍ക്കാര്‍ മറക്കരുത്. സി.ആര്‍.പി.സി സെക്ഷന്‍ 154 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 വകുപ്പ് പ്രകാരവും ഒരു 'കോഗ്‌നിസബിള്‍ ഒഫന്‍സ്' വ്യക്തമായാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വെളിവായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേര്‍ത്തു പിടിക്കൽ അല്ലാതെ മറ്റെന്താണ്? 

സ്ത്രീകൾക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിവ് കിട്ടിയിട്ടും നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും അതിനൊപ്പമുള്ള മൊഴികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പെന്‍ഡ്രൈവുകളും വാട്സാപ് മെസേജുകളും ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടായിട്ടും പരാതി ഇല്ലാത്തതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടും അങ്ങേയറ്റം നിരാശാജനകമാണ്.

ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്‍റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ തയാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നത് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിനാകെ അപമാനകരമായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.

'ദിലീപ് കേസിൽ പ്രതികരിച്ചു, തനിക്കും അവസരം നഷ്ടമായി'; സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാമെന്ന് ജോയ് മാത്യു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരളത്തിൽ പുതുതായി വരുന്നത് 6 ഫോറസ്റ്റ് സ്റ്റേഷനുകൾ, മേപ്പാടി- വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് പ്രത്യേക വായ്പ പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങൾ