അട്ടപ്പാടിയില്‍ ആദിവാസി മൂപ്പന്‍റെയും മകന്‍റെയും അറസ്റ്റ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Aug 8, 2021, 10:04 PM IST
Highlights

ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ്  അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. 

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് എസ് പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. 

റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.  ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ്  അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

മുരുകന്‍റെ പതിനേഴുവയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!