
പാലക്കാട്: ആളുമാറി കേസെടുത്തതിനെത്തുടർന്ന് 80 കാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സെപ്തംബറിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
1998 ൽ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ നീണ്ട നാല് വർഷത്തെ നിയമ പോരാട്ടമാണ് താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാൻ ഭാരതിയമ്മ നടത്തിയത്. ഒടുവിൽ സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാർത്ഥ പ്രതിയെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച് ഏകയായി കഴിയുന്ന ഭാരതിയമ്മയ്ക്ക് കഴിഞ്ഞതൊക്കെ ഒരു പേടി സ്വപ്നമാണ്. താനല്ല പ്രതിയെന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുക്കാത്തതിലുള്ള അപമാനഭാരം ആവോളം ഉണ്ടെന്ന് അവർ പറയുന്നു. അതുകൊണ്ട് തന്നെയാണ് വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ഭാരതിയമ്മ കൂട്ടിച്ചേര്‍ക്കുന്നു.
Also Read: 'ഗണേശഭക്തനാണ്'; ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടാണ് വിയോജിപ്പെന്ന് തരൂർ
താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു, തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വയോധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതേ എന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാർത്ഥന. അതേസമയം ഒരേ മേൽവിലാസത്തിൽ നിരവധി വീടുകൾ ഉള്ളതുകൊണ്ട് സംഭവിച്ച പാളിച്ചയാണെന്ന വിശദീകരണത്തിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...