
തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. യുവതിയുടെ അമ്മ തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി ഒരു റിപ്പോർട്ട് ജൂലൈ 25നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം.
കേസ് ജൂലൈ 25ന് പരിഗണിക്കും. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി.പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ഓഗസ്റ്റ് 10നാണ് എസ് എ റ്റി ആശുപത്രിയിൽ മരിച്ചത്. 10ന് രാവിലെയാണ് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ് എ റ്റി ആശുപത്രിയിലെത്തിച്ചത്.
തൈക്കാട് ആശുപത്രിയിൽ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കൽ ഓഫീസറെ രണ്ടാം പ്രതിയായും തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, അതിന് ശേഷം യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. രേവതിയുടെ മരണ സർട്ടിഫിക്കേറ്റ് നഗരസഭ നൽകിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയിൽ പറയുന്നു.
നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രയിൽ നിന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇയാളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പെൺകുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് റഫ്നാസ് പൊലീസിനോട് പറഞ്ഞു.
പ്രണയ നൈരാശ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റഫ്നാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തൻ്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുകന്നത്.