നെറ്റ് ഓഫായിരുന്നു, സന്ദേശം വായിച്ചത് ഒരു മണിക്കൂർ കഴിഞ്ഞ്; ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് ഫസീലയുടെ ജീവനറ്റ ശരീരം

Published : Jul 31, 2025, 03:49 AM IST
woman killed herself due to domestic violence

Synopsis

ഗർഭിണിയായതിന് ഫസീലയെ മാത്രമാണ് അമ്മായിയമ്മ കുറ്റപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ വഴക്കിനിടെ ഭർത്താവ് ഫസീലയെ അടിവയറ്റിൽ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അടിവയറ്റിൽ പരിക്കേറ്റെന്ന് വ്യക്തമായി.

തൃശൂർ: കൊടുങ്ങല്ലൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്പ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച് യുവതി മാതാവിനെ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു.

ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്പ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- "ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫ് ആയിരുന്നതിനാൽ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കൾ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോൾ കാണുന്നത് മകളുടെ ജീവനറ്റ ശരീരമായിരുന്നു. ഭർതൃ വീട്ടിലെ പീഡനമാണ് മരണ കാരണം എന്ന് ബന്ധുക്കൾ പറയുന്നു.

ഒരു കൊല്ലവും ഒൻപത് മാസവും ആയി ഫസീലയുടെയും നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട്. 9 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് ഇവർക്ക്. ഫസീല രണ്ടാമതും ഗർഭിണിയായ വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. ഗർഭിണിയായതിന് ഫസീലയെ മാത്രമാണ് അമ്മായിയമ്മ കുറ്റപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ വഴക്കിനിടെ ഭർത്താവ് ഫസീലയെ അടിവയറ്റിൽ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അടിവയറ്റിൽ പരിക്കേറ്റെന്ന് വ്യക്തമായി.

തുടർന്നാണ് ഭർത്താവ് നൗഫലിനെയും ഉമ്മ റൗലത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇരുവർക്കും എതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെയും ഭർത്താവും മാതാവും ചേർന്ന് ഫസീലയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ മാതാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം