
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമടങ്ങാതെ 'ദ കേരള സ്റ്റോറി' സിനിമ. കേരള സ്റ്റോറി സിനിമയ്ക്കെതിരെ കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു പരാമർശം.
കേരള സ്റ്റോറി പ്രദർശിപ്പിച്ച സഭാ നിലപാടിനെ വിമർശിച്ച് പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവൺമെന്റ് തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ ഉപകരണം ആകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നല്ല കലയെന്നും വി പി ശുഹൈബ് മൗലവി പറഞ്ഞു. പലസ്തീനോട് ഐക്യദാർഢ്യപ്പെടാൻ കഴിയുന്നില്ലെങ്കിൽ പെരുന്നാളിന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനൊപ്പം നിൽക്കുക എന്നാൽ മനുഷ്യത്വത്തിന് ഒപ്പം നിൽക്കലാണ്. ഇസ്രായേലിനൊപ്പം നിൽക്കുക എന്നാൽ പിശാചുക്കൾക്കൊപ്പം നിൽക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam