
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ൽ തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കെടി ജലീലിന്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് ഈ വിവരം പുറത്ത് വന്നത്.
ഗുരുതര സ്വഭാവമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കോഴിക്കോട്ട് ചികിത്സയിലാണ് പാണക്കാട് ഹൈദരാലി തങ്ങൾ. ഇവിടെയെത്തിയാണ് മറ്റന്നാൾ ചോദ്യം ചെയ്യലിനെത്താൻ ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ചികിത്സയിലായതിനാൽ തങ്ങൾ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം 2020 ജൂലൈയിൽ തങ്ങളെ ഇഡി ചോദ്യം ചെയ്തിരുന്നതായും ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയത് ലീഗ് നേതാക്കളാണെന്നും കെടി ജലീൽ ആരോപിച്ചു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് വിവാദമായ എആർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണവും ജലീൽ ഉന്നയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന വാർത്തയുടെ തുടർച്ചയായി നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകളും ജലീൽ പുറത്തുവിട്ടു. ജലീലിന്റെ ആരോപണങ്ങളെല്ലാം മുസ്ലിം ലീഗ് നേതൃത്വം നിഷേധിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന ലീഗ് ഭാരവാഹി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. പാണക്കാട് കുടുംബത്തിൽ ഇഡിയെത്തിയതിന് കാരണം കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ളവരാണെന്ന് ഹംസ ആക്ഷേപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ നടന്ന വിവാദത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ജലീൽ ഉന്നയിച്ച ആക്ഷേപവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam