ആര്യങ്കാവ് പാലിലെ മായം: വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; പരിശോധന വൈകിയില്ലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jan 17, 2023, 11:40 AM IST
Highlights

വാർത്തയിൽ വരാത്ത ഒരുപാട് പരിശോധനകൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ഓരോ വകുപ്പുമായി ഇടപെട്ട് കര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റു പരാമർശങ്ങൾ അറിയില്ലെന്നും മന്ത്രി

തിരുവനന്തപുരം: ആര്യങ്കാവ് പാലിലെ മായവുമായി ബന്ധപ്പെട്ട വിഷയത്തിൽ വകുപ്പുകൾ തമ്മിൽ തർക്കം തുടരുന്നു. പാലിന്റെ ഗുണമേന്മ പരിശോധന വൈകിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് പ്രതികരിച്ചു. ഓരോ നടപടിക്രമവും സമയം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാന ലാബിലെ പരിശോധനാ ഫലവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫലം താരതമ്യം ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വകുപ്പുകൾ പൂർണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വാർത്തയിൽ വരാത്ത ഒരുപാട് പരിശോധനകൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ഓരോ വകുപ്പുമായി ഇടപെട്ട് കര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റു പരാമർശങ്ങൾ അറിയില്ലെന്നും മന്ത്രി ചിഞ്ചുറാണിക്കുള്ള പരോക്ഷ മറുപടിയിൽ വീണാ ജോർജ് വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിനുണ്ടായ വീഴ്ച്ചയാണ് പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം തെളിയിക്കാൻ കഴിയാത്തതിന് കാരണമെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി കുറ്റപ്പെടുത്തിയിരുന്നു.  വീഴ്ച്ചയുണ്ടായിട്ടില്ലെന്നും,  2 രീതിയിൽ പരിശോധിച്ചിട്ടും ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം പാലിൽ കണ്ടെത്താനായില്ലെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ച്ച ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാലിലെ  ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം എങ്ങോട്ടു പോയെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.  ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ചു നടത്തിയ ആദ്യ പരിശോധനയിൽ കണ്ടെത്തിയ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കൽ ലാബിലെ പരിശോധനയിൽ കണ്ടെത്തിയില്ല.  നഷ്ടപരിഹാരമാവശ്യപ്പെട്ട് ഡയറിഫാം ഉടമ ഹൈക്കോടതിയിലുമെത്തി.  വിവാദമായതോടെ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സാംപിൾ പരിശോധന വൈകിയതിനെ പഴിചാരി ക്ഷീരവികസന വകുപ്പു മന്ത്രി രംഗത്ത് വരികയും ചെയ്തു.

വിവരം കിട്ടിയ ഉടനെ നടപടി തുടങ്ങിയെന്നും, കുറ്റമറ്റ പരിശോധനയാണ് നടത്തിയതെന്നും കാട്ടിയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ക്ഷീര വികസന വകുപ്പിന്റെ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.  കോൾഡ് ചെയിനിൽ സൂക്ഷിച്ച്, ലാബിലെത്തിച്ച്  2 രീതിയിൽ പരിശോധിച്ചിട്ടും പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യമില്ല. ക്ഷീരവികസന വകുപ്പിന്റെ അഗീകൃത ലാബിലെ ഫലം കൂടി വരട്ടെയെന്ന നിലപാടിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. 5.45ന് പിടികൂടി വിവരം കിട്ടിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സാംപിൾ തിരുവനന്തപുരത്തെ ലാബിലെത്തിയത് 1 മണിയ്കാണ്.  ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം തെളിയിക്കുന്നതിൽ സമയവും പ്രധാനമാണെന്നിരിക്കെ ഈ കാലതാമസം ഫലത്തെ സ്വാധീനിച്ചോയെന്നത് പ്രധാനമാണ്.

click me!