'സൈനികന്‍റെ മകനാണ് ഞാൻ, എന്‍റെ നാട്ടിൽ സൈനികരെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല'; രാജീവ് ചന്ദ്രശേഖ‌ർ

By Web TeamFirst Published Dec 17, 2021, 8:46 PM IST
Highlights

ഗവ. പ്ലീഡർമാർ അടക്കം സൈനികർക്കെതിരെ മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖ‌ർ ചൂണ്ടികാട്ടി

ദില്ലി: രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). വിരമിച്ച സൈനികന്‍റെ മകനാണ് താനെന്നും, അങ്ങനെയുള്ളവ‍ർക്ക് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല കേരളത്തിലുണ്ടാകുന്ന ഇത്തരം പ്രവണതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരുടെ ത്യാഗത്തെ അപകീർത്തിപ്പെടുന്നതിന് കേരളത്തിൽ നേതൃത്വം നൽകുന്നത്  സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പെ ദില്ലയിൽ വാർത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖർ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ പലരും രശ്മിതയെ പിന്തുണച്ച് എത്തിയിരുന്നു. ഇത്തരം പ്രവണതകൾ ശരിയല്ലെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖ‍ർ പ്രധാനമായും പറഞ്ഞുവച്ചത്. ഗവ. പ്ലീഡർമാർ അടക്കം സൈനികർക്കെതിരെ മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖ‌ർ ചൂണ്ടികാട്ടി. 

സിപിഎം നേതാക്കൾ സൈനികരെ അപകീർത്തിപ്പെടുത്തുന്നു, നടപടി വേണമെന്ന് കേന്ദ്രമന്ത്രിമാർ

സൈനികരെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ അപകടം നടന്ന കൂനൂർ സന്ദർശിച്ചില്ലെന്നും വി മുരളിധരൻ വിമർശിച്ചു. സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

 

ബിപിന്‍ റാവത്ത് അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ രശ്മിത രാമചന്ദ്രൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നത് അടക്കമുള്ള കാര്യങ്ങളായിരുന്നു പരാമർശിച്ചിരുന്നത്.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായും രശ്മിത ഫേസ്ബുക്കിൽ എഴുതിയിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിതയുടെ പോസ്റ്റില്‍ കുറ്റപ്പെടുത്തലുണ്ടായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

click me!