'പ്ലാസ്റ്റിക് ഷീറ്റുകൊണ്ടെങ്കിലും വീടൊന്ന് മേയണം'; ദുരിതക്കയത്തില്‍ തങ്കമണി

By Web TeamFirst Published Jul 5, 2021, 3:06 PM IST
Highlights

ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്. കൂലിപ്പണിയായിരുന്നു തങ്കമണിയുടെ ജോലി. ലോക്ഡൗണായതോടെ പണിയില്ല. ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയി. ആകെയുള്ള ഈ വീടും മൂന്നേകാല്‍ സെന്റും പണയം വെച്ചാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത്.
 

തിരുവനന്തപുരം: മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ ദുരിതജീവിതം നയിക്കുകയാണ് തിരുവനന്തപുരം കോവളത്തെ തങ്കമണി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടെങ്കിലും മേല്‍ക്കൂരയൊന്ന് മേയാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്കമണി മുട്ടാത്ത വാതിലുകളില്ല. രണ്ട് വര്‍ഷം മുമ്പ് പെയ്ത മഴയിലാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നത്. ഓലക്കീറോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ടെങ്കിലും വീടൊന്ന് മറയ്ക്കണം. അതിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ടെന്നും സ്വാഭാവികമായ കാലതാമസമാണെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.

ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്. കൂലിപ്പണിയായിരുന്നു തങ്കമണിയുടെ ജോലി. ലോക്ഡൗണായതോടെ പണിയില്ല. ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയി. ആകെയുള്ള ഈ വീടും മൂന്നേകാല്‍ സെന്റും പണയം വെച്ചാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത്. ഒരു മകനുള്ളത് തിരുമലയിലെ ഭാര്യ വീട്ടിലാണ് താമസം. മക്കളോ ബന്ധുക്കളോ നോക്കാനില്ലാതായതോടെ ജീവിതം ദുരിതത്തിലായി.

പകല്‍ മുഴുവന്‍ തങ്കമണി വീടിനുളളില്‍ കഴിച്ചുകൂട്ടും. റേഷനരി കിട്ടുന്നതുകൊണ്ട് രാവിലെയും വൈകീട്ടും മാത്രം ഭക്ഷണം. രാത്രി കിടന്നുറങ്ങാന്‍ കൈതവിളയിലെ ബന്ധുവീട്ടിലേക്ക് പോകും.  പുതിയ വീടെന്ന ആഗ്രഹമൊന്നും തങ്കമണിക്കില്ല. വെയിലും മഴയും കൊളളാതെ, ഇഴജന്തുങ്ങളെ പേടിക്കാതെ കിടന്നുറങ്ങാന്‍, സുരക്ഷിതമായ ഒരിടം. അത്രയേ വേണ്ടൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!