Latest Videos

കുങ്കിയാനകൾ എത്താൻ വൈകി; 'അരിക്കൊമ്പൻ ദൗത്യ'ത്തിന്‍റെ തീയതി മാറ്റി

By Web TeamFirst Published Mar 22, 2023, 3:54 PM IST
Highlights

കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. അതേസമയം, ചിന്ന കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം തുടങ്ങി.

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്ക് വെടി വെക്കുക. കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. അതേസമയം, ചിന്ന കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം. 

അതേസമയം, അരിക്കൊമ്പനെ പിടികൂടാൻ സൂര്യ എന്ന കുങ്കിയാനയെക്കൂടി ചിന്നക്കനാലിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്നും പുറപ്പെട്ട സൂര്യൻ പതിമൂന്ന് മണിക്കൂ‍ർ സഞ്ചരിച്ച് ഇന്ന് രാവിലെ ആറരയോടെയാണ് ചിന്നക്കനാലിൽ എത്തിയത്. രണ്ട് ദിവസം മുൻപ് എത്തിയ വിക്രമിനൊപ്പം സിമൻ്റുപാലത്താണ് സൂര്യനുമിപ്പോഴുള്ളത്. വനം വകുപ്പിൻ്റെ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യൻ. ദൗത്യസംഘത്തിലെ പ്രധാനികളായ കുഞ്ചുവും, കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടിൽ നിന്നും പുറപ്പെടും.

നാല് കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടിക്കുന്ന ആദ്യത്തെ ദൗത്യമാണിത്.  മയക്ക് വെടിയേറ്റ് ആനയിറങ്കൽ ഡാമിലേക്ക് അരിക്കൊമ്പൻ ഓടിയാൽ തടയാൻ ഒരു കുങ്കിയാനയെ നിയോഗിക്കും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുക. ദൗത്യത്തിന് മുമ്പ് കുങ്കിയാനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തും. നിലവിൽ പെരിയകനാൽ ഭാഗത്തെ ഏലത്തോട്ടത്തിലും കാട്ടിലുമായാണ് അരിക്കൊമ്പനുള്ളത്. ഇവനെ സിമന്റ് പാലം, 301 കോളനി എന്നീ ഭാഗത്തേക്ക് എത്തിച്ച് മയക്ക് വെടിവയ്ക്കാനാണ് വനംവകുപ്പിൻ്റെ ശ്രമം.

click me!