മൂന്നാർ ദൗത്യ സംഘം പൊളിച്ച് നീക്കിയ ഇടത്ത് പുതിയ നിർമ്മാണം: സിപിഐയുടെ ആവശ്യം കളക്ടർ നിരസിച്ചു

By Web TeamFirst Published Aug 15, 2022, 2:20 PM IST
Highlights

സിപിഐ സംസ്ഥാ സെക്രട്ടറിയുടെ പേരിലുള്ളതാണ് സ്ഥലം. ഇവിടെ മൂന്നു നിലകളുള്ള കെട്ടിടമുണ്ട്

ദേവികുളം: മൂന്നാ‍റിൽ സിപിഐ ഓഫീസിനു മുന്നിൽ ദൗത്യ സംഘം പൊളിച്ചുനീക്കിയ സ്ഥലത്ത് പുതിയ നിർ‍മ്മാണം നടത്താനുള്ള പാർട്ടി നേതാക്കളുടെ അപേക്ഷ ഇടുക്കി കളക്ട‍ർ നിരസിച്ചു. വാഹനങ്ങൾ പാർ‍ക്ക് ചെയ്യാൻ പ്ലാറ്റ്ഫോം നിർമ്മിക്കാനാണ് സിപിഐ നേതാക്കൾ അനുമതി തേടിയത്. ഇടുക്കി കളക്ടർ അനുമതി നിഷേധിച്ചതോടെ നിർമ്മാണം നടത്താൻ നിയമ പരമായ നടപടികൾ തേടുമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ കെ ശിവരാമൻ വ്യക്തമാക്കി.

മൂന്നാറിലെ സിപിഐ ഓഫീസിൻറെ മുൻഭാഗത്ത് ഒൻപതര മീറ്റ‍ർ നീളത്തിലും എട്ടു മീറ്റർ വീതിയിലും പ്ലാറ്റ്ഫോം നി‍ർമ്മിക്കാൻ അനുമതി തേടിയാണ് സിപിഐ ഇടുക്കി ജില്ലാ കമ്മറ്റി ഇടുക്കി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. സിപിഐ സംസ്ഥാ സെക്രട്ടറിയുടെ പേരിലുള്ളതാണ് സ്ഥലം. ഇവിടെ മൂന്നു നിലകളുള്ള കെട്ടിടമുണ്ട്. താഴത്തെ നില ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഓഫിസും മറ്റു നിലകളിൽ മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന വാണിജ്യ സ്ഥാപനവും ആണുള്ളത്.

കെട്ടിടത്തിൻറെ താഴത്തെ നിലയിൽ നിന്നും ഒന്നാം നിലയിലേക്ക് ഒരു നടപ്പാലം മാത്രമാണ് ഉള്ളത്. ഇത്  പൊളിച്ചു മാറ്റി കെട്ടിടത്തിന്റെ മുൻഭാഗത്ത് പാർക്കിംഗിന് പ്ലാറ്റ് ഫോം നി‍ർമ്മിക്കണമെന്നാണ് സിപിഐ നേതാക്കളുടെ ആവശ്യം. താഴെ ഭാഗത്തു നിന്നും നിന്നും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് പ്ലാറ്റ്ഫോം പണിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാർ ദൗത്യസംഘം പൊളിച്ചു നീക്കിയ കോൺക്രീറ്റ് പാതയുടെ സ്ഥാനത്താണ് പുതിയ നി‍ർമ്മാണമെന്ന് ദേവികുളം തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി.

ഹൈക്കോടതി വിധി പ്രകാരം വീട് നിർമാണത്തിന് മാത്രം എൻ ഒ സി നൽകാൻ അനുമതിയുള്ള സ്ഥലത്ത് വാണിജ്യാവശ്യത്തിന് വേണ്ടിയുള്ള നിർമ്മാണത്തിനുള്ള എൻ ഒ സിയാണ് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും തഹസീൽദാരുടെ റിപ്പോർട്ടിലുണ്ട്. ഇതേ തുർന്നാണ് ഇടുക്കി ജില്ലാ കളക്ട‍ർ അനുമതി നിഷേധിച്ചത്. വഴിയിൽ നിന്നും സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ കയറാൻ പാതയുണ്ടാക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് സിപിഐ നേതാക്കളുടെ വാദം.

click me!