
ഇടുക്കി: പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലത്ത് അടിയന്തര രക്ഷാ പ്രവർത്തനം നടത്താൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രത്യേക സംഘം രൂപീകരിക്കുന്നു. രക്ഷാ പ്രവത്തനത്തിനായി വിവിധ തരത്തിലുള്ള പരിശീലനം നൽകിയാണ് സംഘത്തെ രംഗത്തിറക്കുന്നത്. എല്ലാ മഴക്കാലത്തും ഇടുക്കിയിൽ പ്രകൃതി ദുരന്തങ്ങൾ പതിവാണ്. പലപ്പോഴും രക്ഷാ പ്രവത്തകർക്ക് കൃത്യ സമയത്ത് എത്തിപ്പെടാൻ കഴിയാത്തത് ദുരന്തത്തിൻറെ ആക്കം കൂട്ടാറുണ്ട്. ഇതിന് പരിഹാരമായാണ് ലോക്‌സഭ മണ്ഡലത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ളവരെ ഉൾപ്പെടുത്തി എംപിയുടെ സേന.
സന്നദ്ധ സേവനം ചെയ്യാൻ തയ്യാറുള്ളവരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം തുടങ്ങിക്കഴിഞ്ഞു. അടുത്ത ഘട്ടമായി, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം യാത്രാ മാർഗ്ഗം ഇല്ലാതാകുന്ന സ്ഥലത്തെത്താനുള്ള പരിശീലനവും നൽകും. പറവൂരിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഫോർ ഹെൽപ്പ്‌ലെസ് എന്ന സംഘടനയാണ് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം നൽകുന്നത്. ഇടുക്കി, ഉടുമ്പൻചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളിലുളളവരുടെ ആദ്യ ഘട്ട പരിശീലനം പൂർത്തിയായി. തട്ടേക്കാട്, മൂന്നാർ എന്നിവിടങ്ങളിലും അടുത്ത ദിവസം ക്ലാസ് നടത്തും.