അഞ്ചാറ് പേരില്ലേ? യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേയെന്ന് ചോദ്യം; മറുപടിയുമായി ഡോ എസ് എസ് ലാൽ

Published : Jan 04, 2026, 11:47 PM IST
Dr S S Lal

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേയെന്നും അപ്പോൾ തർക്കമാകില്ലേയെന്നുമുള്ള സുഹൃത്തിന്‍റെ സംശയത്തിന് താൻ നൽകിയ മറുപടിയാണ് ഡോ എസ് എസ് ലാൽ ഫേസ് ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ നേതാക്കൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ വിദഗ്ധനും കഴക്കൂട്ടത്തെ മുൻ സ്ഥാനാർത്ഥിയുമായ ഡോ എസ് എസ് ലാൽ. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേയെന്നും അപ്പോൾ തർക്കമാകില്ലേയെന്നുമുള്ള സുഹൃത്തിന്‍റെ സംശയത്തിന് താൻ നൽകിയ മറുപടിയാണ് ഡോ ലാൽ ഫേസ് ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് നേതാക്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞ പാർട്ടിയല്ലേ നല്ല പാർട്ടിയെന്ന് ഡോ ലാൽ ചോദിക്കുന്നു. എപ്പോഴെങ്കിലും മുഖ്യമന്ത്രി ആരെന്ന തർക്കത്തിൽ ഉടക്കി യുഡിഎഫിന് മുഖ്യമന്ത്രിയുണ്ടാകാതെയോ മന്ത്രിസഭ ഉണ്ടാകാതെയോ വന്നിട്ടുണ്ടോയെന്നും ഡോ ലാൽ ചോദിക്കുന്നു. അതേസമയം പിണറായിയെ പേടിച്ച് എൽഡിഎഫിൽ ആർക്കും മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണാൻ പോലും കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"കോൺഗ്രസിനോട് ശക്തമായ അനുഭാവം പുലർത്തുന്ന ഒരു കുടുംബസുഹൃത്തിനോട് സംസാരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. മിതഭാഷിയാണ്. വലിയ ഉദ്യോഗത്തിൽ നിന്നും കുറച്ചുനാൾ മുമ്പാണ് വിരമിച്ചത്.

അദ്ദേഹം: ലാലേ, ഇത്തവണ യുഡിഎഫ് തിരികെ വരുമെന്ന് ഉറപ്പാണ്. നല്ല വിജയമായിരിക്കും. പക്ഷേ ...

ഞാൻ: എന്ത് പക്ഷേ?

അദ്ദേഹം: ഭൂരിപക്ഷം കിട്ടിയാലും പ്രശ്നമല്ലേ?

ഞാൻ: എന്ത് പ്രശ്നം?

അദ്ദേഹം: മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേ?

ഞാൻ: അത് നല്ല കാര്യമല്ലേ?

അദ്ദേഹം: ഒരാൾക്കല്ലേ മുഖ്യമന്ത്രിയാകാൻ കഴിയൂ. കുറേ സീനിയർ നേതാക്കളില്ലേ?

ഞാൻ: അത് കോൺഗ്രസിൻ്റെ നേട്ടമല്ലേ? മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് നേതാക്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞ പാർട്ടിയല്ലേ നല്ല പാർട്ടി? അത് പാർട്ടിയുടെ മാഹാത്മ്യമല്ലേ?

അദ്ദേഹം: (അല്പം ആലോചിച്ച ശേഷം). അത് ശരിയാണല്ലോ. പക്ഷേ, സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയല്ലേ ഉള്ളൂ?

ഞാൻ: സിപിഎമ്മിൽ ആ ലവലിലേയ്ക്ക് വളരാൻ ആരെയും അനുവദിക്കാത്തതല്ലേ? എല്ലാരേം പിണറായി നേരത്തേ വെട്ടി നിരത്തിയതല്ലേ?

അദ്ദേഹം: അതും ശരിയാണല്ലോ. പക്ഷേ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ നേതാക്കൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേ?

ഞാൻ: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നയാളല്ലേ? എപ്പോഴെങ്കിലും മുഖ്യമന്ത്രി ആരെന്ന തർക്കത്തിൽ ഉടക്കി യുഡിഎഫിന് മുഖ്യമന്ത്രിയുണ്ടാകാതെ വന്നിട്ടുണ്ടോ? മന്ത്രിസഭ ഉണ്ടാകാതെ വന്നിട്ടുണ്ടോ?

അദ്ദേഹം: ശരിയാണ്. പക്ഷേ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കമുണ്ടാകും എന്നാണല്ലോ സംസാരം?

ഞാൻ: ആരുടെ സംസാരം? ഈ കോൺഗ്രസ് നേതാക്കൾ ആരെങ്കിലും പറഞ്ഞോ? ആരെങ്കിലും തർക്കിച്ചോ?

അദ്ദേഹം: അതും ശരിയാണ്. പക്ഷേ, ഈ പ്രചരണം.....

ഞാൻ: അതാണ് സി.പി.എം തന്ത്രം. ഈ നറേറ്റീവ് സിപിഎമ്മിൻ്റേതാണ്. അവരാണ് ഇത് നമ്മുടെ മനസിലേക്കിടുന്നത്. അത് നമ്മളെന്തിനാ വിശ്വസിക്കുന്നത്? പറഞ്ഞുനടക്കുന്നത്? പിണറായിയെപ്പേടിച്ച് എൽഡിഎഫിൽ ആർക്കും മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണാൻ പോലും കഴിയില്ല. പാവങ്ങൾക്ക് ആകെ ചെയ്യാൻ കഴിയുന്നത് പിണറായിയുടെ സ്തുതിഗാനങ്ങൾ പാടുക മാത്രമാണ്.

അദ്ദേഹം: (ചിരിയോടെ) .... കാരണഭൂതൻ... ഈയിടെ ടീച്ചറും പിണറായിയെ സോപ്പിടുന്നത് കണ്ടു. അവരുടെ അവസ്ഥ..... (വീണ്ടും ചിരി)

ഞാൻ: അതുകൊണ്ട് സിപിഎം തന്ത്രത്തിൽ നമ്മൾ വീഴരുത്. നമ്മുടെ നേതാക്കൾ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലല്ലോ? മുഖ്യന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചോ ആറോ പേരെ നമ്മുടെ ജനങ്ങളല്ലേ ഇവിടെ വളർത്തിയത്? പാർട്ടിയുടെയും നാട്ടിൻ്റെയും ഗുണമായല്ലേ നമ്മൾ അതിനെ കാണേണ്ടത്? അങ്ങനെയല്ലേ അതിനെപ്പറ്റി പറയേണ്ടത്?

അദ്ദേഹം: ഞാനിതുവരെ ഇങ്ങനെ അലോചിച്ചിട്ടില്ല. ലാല് പറയുന്നതുപോലെ ഇതൊരു നല്ല കാര്യമാണല്ലോ. മുഖ്യമന്ത്രിയാകാൻ യോഗ്യതയും പരിചയവുമുള്ള അഞ്ചാറ് നേതാക്കൾ നമ്മുടെ പാർട്ടിയിൽ ഉള്ളത് നല്ലൊരു കാര്യമാണല്ലോ."

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനഹിതമറിയാൻ സർക്കാർ വീട്ടുപടിക്കലിൽ; നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം സജീവം, മുന്നിൽ ഒരുപാട് ലക്ഷ്യങ്ങൾ
ഈ 5 ജില്ലകളിൽ മാത്രമായി 40 സീറ്റ് ഉറപ്പ്, മൊത്തം 85 സീറ്റ്; ജില്ല തിരിച്ചുള്ള കണക്കുമായി ഭരണം പിടിക്കാൻ 'ലക്ഷ്യ കാമ്പ്'; 100 സീറ്റ് ഉറപ്പിക്കാൻ ചർച്ച