
എറണാകുളം:മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തീക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം.
ഐജി ലക്ഷ്മണനെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ കേസ്. ഇതിൽ മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ദുരൂഹ നടപടികളെ പറ്റി ഐജി ലക്ഷ്മണൻ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തർക്കങ്ങളിൽ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തീക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ആരോപണം ഉന്നയിക്കുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ ആരോപണം. മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണൻ, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതലയിലാണിപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam