
വയനാട്: സർക്കാർ ഏറ്റെടുക്കാൻ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ ഉയർന്ന തസ്തികയിൽ മന്ത്രി ഇ പി ജയരാജന്‍റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെ നിയമനം നടത്തിയെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകി.
മന്ത്രി ഇ പി ജയരാജന്‍റെ സഹോദരി പുത്രിക്ക് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ എച്ച്ആർ വിഭാഗത്തിൽ അടുത്തിടെ ജോലി ലഭിച്ചതിനെതിരെയാണ് പരാതി. വിംസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ജൂലൈ നാലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചായിരുന്നു സമിതി റിപ്പോർട്ട്. മെഡിക്കൽ കോളജിലെ ജീവനക്കാരെ ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനമെന്ന് കാണിച്ചാണ് യൂത്ത് ലീഗ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ജീവനക്കാരുടെ വിവരങ്ങൾ സർക്കാരിന് കൈമാറിയ ശേഷം നടന്ന നിയമനത്തിൽ ഉന്നതതല ഇടപെടലുകളുണ്ടെന്നും ആരോപണം ഉയരുന്നു.
എന്നാൽ, പരാതിയെ കുറിച്ച് അറിയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജൂലൈ 14ന് നിയമനം നടത്തിയെന്നാണ് പരാതിയിൽ കാണിച്ചിരിക്കുന്നത്. ജൂൺ 26ന് ആണ് ഒഴിവുണ്ടായിരുന്ന എച്ച് ആർ എക്സിക്യൂട്ടീവ് തസ്തികയിൽ ഇവരെ നിയമിച്ചതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam