
കൊച്ചി:ഡിജിപി റാങ്കിൽ നിന്ന് വിരമിച്ച ടോമിൻ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. പ്രതിയായ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടപടികൾ താമസിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയ കോടതി പ്രതിക്കനുകൂലമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിലും ആശങ്ക രേഖപ്പെടുത്തി. തച്ചങ്കരിയുടെ അപേക്ഷയിൽ 2021ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ട തുടർ അന്വേഷണം ഹൈ കോടതി റദാക്കി. ആറ് മാസത്തിനകം വിചാരണ കോടതിയോട് കേസ് തീർപ്പാക്കാനും ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ നിർദ്ദേശപ്രകാരം നടത്തിയ തുടർ അന്വേഷണത്തിൽ പുതിയ കണ്ടെത്തൽ ഉണ്ടെങ്കിൽ അക്കാര്യം വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
സർക്കാറുകൾക്ക് തുടർ അന്വേഷണത്തിന് ഉത്തരവ് ഇടാമെങ്കിലും പ്രതിയായ വ്യക്തിയുടെ അപേക്ഷയിൽ ഇക്കാര്യം പരിഗണിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.സർക്കാരിന്‍റെ തുടർ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാരനായ ബോബി കുരുവിള കോടതിയെ സമീപിച്ചത്.2002ൽ ബോബി കുരുവിള നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി 2013ൽ തച്ചങ്കരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.വിചാരണ വൈകുന്നതിനിടെ ആണ് 2021ൽ സർക്കാർ തച്ചങ്കരിയുടെ അപേക്ഷയിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.