ബിനാമി സ്വത്ത്: ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

By Web TeamFirst Published Apr 17, 2020, 3:40 PM IST
Highlights

പുതിയ കേസെടുത്താൽ ജേക്കബ് തോമസിനെ സർക്കാരിന് വീണ്ടും സസ്പെൻഡ് ചെയ്യാം. അങ്ങനെയെങ്കിൽ സസ്പെൻഷൻ കാലത്തായിരിക്കും ജേക്കബ് തോമസിന്‍റെ വിരമിക്കൽ. 

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാനാണ് സർക്കാർ ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയത്. ക്രൈംബ്രാഞ്ച് എഫ്ഐആർ  രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 

തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച് ജേക്കബ് തോമസ് പറയുന്നുണ്ട്. അതിനാൽ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. 

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ നീക്കം. ജേക്കബ് തോമസിനെതിരെ നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യും. പുതിയ കേസെടുത്താൽ ജേക്കബ് തോമസിനെ സർക്കാരിന് വീണ്ടും സസ്പെൻഡ് ചെയ്യാം. അങ്ങനെയെങ്കിൽ സസ്പെൻഷൻ കാലത്തായിരിക്കും ജേക്കബ് തോമസിന്‍റെ വിരമിക്കൽ. 

അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. ഒന്നരവർഷത്തെ സസ്പെൻഷനും ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തിയത്. 

click me!