
ഇടുക്കി: പൂജ വയ്പുമായി ബന്ധപ്പെട്ട അവധി ദിവസങ്ങലുടെ മറവിൽ ഇടുക്കി കുടയത്തൂരിൽ അനധികൃത ഖനനം. ഉരുൾപൊട്ടൽ മേഖലയ്ക്ക് സമീപത്തു നിന്നുമാണ് പാറ പൊട്ടിച്ച് കടത്തിയത്. അപകട മേഖലയിൽ വൻ തോതിൽ ഖനനം നടത്തിയതോടെ പ്രദേശ വാസികൾ ആശങ്കയിലാണ്. 2022 ഓഗസ്റ്റ് മാസം 28 ന് കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ കുടയത്തൂരിൽ അഞ്ചു പേർ മരിച്ചിരുന്നു. ഈ ദുരന്തഭൂമിക്ക് സമീപമാണ് അനധികൃത ഖനനം നടക്കുന്നത്. കുടയത്തൂർ സ്വദേശി തെരുവക്കാട്ടിൽ ഗോപാലകൃഷ്ണന്‍റേതാണ് സ്ഥലം. ഇയാൾ നൽകിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപക ഖനനം നടന്നത്. യാതൊരു അനുമതിയും ഇല്ലാതെ നടത്തിയ ഖനനം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
പഞ്ചായത്തിന്‍റെയൊ മൈനിംഗം ആൻഡ് ജിയോളജി വകുപ്പിന്‍റെ അനുമതി വാങ്ങിയിട്ടില്ല ഖനനം നടത്തുന്നത്. ഇവിടെ നിന്ന് പൊട്ടിച്ച പാറ ലോറിയിൽ പുറത്തേക്ക് കടത്തിയെന്നും ആരോപണമുണ്ട്. സമീപ പ്രദേശമായ അടൂർ മലയിൽ രണ്ടുമാസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചിരുന്നു. മഴ കനക്കുമ്പോൾ പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് ആളുകളെ ഇവിടെ നിന്നും സ്ഥിരമായി മാറ്റിപ്പാർപ്പിക്കാറുണ്ട്. വലിയ ദുരന്തമുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്ത് മുന്നറയിപ്പുകൾ ലംഘിച്ച് അനധികൃത ഖനനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam