ചിന്നക്കനാലിൽ അനധികൃത മരംമുറി; കടത്തിയത് 144 മരങ്ങള്‍, കൂട്ട് നിന്ന ഉന്നതരിലേക്ക് അന്വേഷണമില്ല

By Web TeamFirst Published Jun 11, 2021, 7:18 AM IST
Highlights

കഴിഞ്ഞ മാർച്ചിലായിരുന്നു ഇവിടെ വ്യാപക മരംമുറി. ആരുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്. എന്ത് നടപടിയെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു.
 

ഇടുക്കി: ചിന്നക്കനാലിൽ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങൾ വനഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തി. പരാതി ഉയർന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ചെടുത്ത തടി മുഴുവൻ കണ്ടെത്താനായിട്ടില്ല. മരം മുറിയ്ക്ക് കൂട്ട് നിന്ന ഉന്നതരിലേക്കും അന്വേഷണമില്ല. കഴിഞ്ഞ മാർച്ചിലായിരുന്നു ഇവിടെ വ്യാപക മരംമുറി.

ആരുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്. എന്ത് നടപടിയെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു.

ചിന്നക്കനാൽ മുത്തുമ്മ കോളനിയിലായിരുന്നു മരംമുറി. ഇത് ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വിപണിയിൽ നല്ല വിലയുള്ള ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ തടികൾ കയറ്റി പോകാൻ തുടങ്ങിയതോടെ പരാതിയായി. ഇതോടെ പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് വരുത്തി പരാതി ഒതുക്കാനായി ശ്രമം. റവന്യൂ വകുപ്പിന് പരാതി പോയതോടെ വനംവകുപ്പ് കേസെടുത്തു. 92 മരങ്ങൾ മുറിച്ചെന്നും 68,000 രൂപ പിഴയീടാക്കണം എന്നുമായിരുന്നു എഫ്ഐആർ. എന്നാൽ കേസ് ഒതുക്കാനാണ് നീക്കമെന്ന് ആരോപണം ഉയർന്നതോടെ വനംവകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ 144 മരങ്ങൾ മുറിച്ചെന്ന് സംഘം റിപ്പോ‍ർട്ട് നൽകി. ചിന്നക്കനാൽ ഫോറസ്റ്ററെയും രണ്ട് ഗാ‍ർഡുകളെയും സസ്പെൻഡ് ചെയ്തു.

ഇടുക്കിയിൽ ഉടുമ്പഞ്ചോലയിൽ റോഡ് വികസനത്തിന്‍റെ പേരില്‍ മുറിച്ചുമാറ്റിയത് അമ്പതോളം വൻമരങ്ങളാണ്. കാർഡമം ഹിൽ റിസർവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരം മുറി നടന്നത്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസഥർക്കും കരാറുകാർക്കുമെതിര വനംവകുപ്പ് കേസെടുത്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് മുറിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുമ്പോള്‍ അത്തരമൊരു നർദ്ദേശം നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ വിശദീകരിക്കുന്നു. 

ഉടുമ്പൻ ചോലയിൽ നിന്നും ചിത്തിരപുരത്തേക്കുള്ള റോഡിലെ വഴിയരുകിൽ പലഭാഗത്തായി നിരവധി വൻമരങ്ങൾ മുറിച്ചിട്ടിരിക്കുന്നു. ഏലമലക്കാടുകളിൽ നിന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് ഇവ മുറിച്ചത്. പക്ഷേ സിഎച്ച്ആറിൽ ഉൾപ്പെടുന്ന ഇവിടെ നിന്ന് മരം മുറിക്കാൻ വനം വകുപ്പിൽ നിന്നും അനുമതിയൊന്നും വാങ്ങിയില്ല.

വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല സെക്ഷനിൽ നിന്നും 18 മരങ്ങളും ശാന്തൻ പാറ സെക്ഷനിൽ നിന്ന് എട്ടു മരങ്ങളും മുറിച്ചതായി കണ്ടെത്തി. ഇതോടൊപ്പം കുരങ്ങുപാറയിൽ നിന്നും 300 എക്കറിലേക്കുള്ള റോഡരികിൽ നിന്നും 22 മരങ്ങളും വെട്ടി. ചന്ദനവയമ്പ്, ഇരുമ്പിറക്കി, ചോരക്കാലി, മയില,മരുത് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് മുറിച്ചത്. കുറച്ച് തടി, കരാറുകാരൻ അറിഞ്ഞ് കടത്തിക്കൊണ്ടു പോകുകയും ചെയ്തു. അഞ്ചാം തീയതി വനംവകുപ്പ് കേസെടുത്തു. 

വഴിയരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് മരങ്ങൾ മുറിച്ചതെന്നാണ് പൊതുമരാമത്തു വകുപ്പ് പറയുന്നത്. സംഭവം വിവാദമായതോടെ മുറിച്ച ചില മരങ്ങുടെ തടി നഷ്ടപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻ ചോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നഷ്ടപ്പെട്ട തടി കണ്ടെത്തി തിരികെ എത്തിക്കാൻ കരാറുകാരനും നിർദ്ദേശം നൽകി. മെയ് 31 നു മുമ്പാണ് മരങ്ങൾ മുറിച്ചത്. മുട്ടിൽ മരം മുറി വിവാദമായതിനെ തുടന്നാണ് അഞ്ചാം തീയതി വനം വകുപ്പ് കേസെടുത്തത്.

 

click me!