
തിരുവനന്തപുരം: ചില ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ കെ ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഡോക്ടര്‍മാരുടെ ഒരു സംഘടനയായ ഐഎംഎ. ഗണേഷ് കുമാറിന്‍റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഈ 17 ന് (വെള്ളി) ആശുപത്രി ആക്രമണങ്ങൾ മുൻനിർത്തി സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെഡിക്കൽ സമരവുമായി മുന്നോട്ട് പോകുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സാംസ്കാരിക കേരളത്തിൽ ഉരുത്തിരിഞ്ഞു വരുന്നത്. ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം എംഎൽഎക്ക് കൂടി ആയിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നുവെന്നും ഐഎംഎ പ്രസ്താവനയില്‍ പറയുന്നു. അഴിമതി, ചികിത്സയിലെ പരാതികൾ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങൾ എംഎൽഎയുടെ ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഐഎംഎ പ്രസ്താവന കുറ്റപ്പെടുത്തി.
ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുവാനുള്ള ആഹ്വാനം സ്വീകാര്യമല്ല. ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ഹൈക്കോടതിയോടുള്ള അനാദരവും നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്. യുദ്ധ കാലങ്ങളിൽ പോലും ആശുപത്രികൾ ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഐഎംഎ തീരുമാനിച്ചു.
Also Read: ഡോക്ടർമാർക്ക് എതിരായ അതിക്രമം; ചിലര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാര്‍
ചികിത്സയിലെ സങ്കീർണതകൾ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്പനങ്ങൾ നടത്തുന്നതിനു മുൻപ് വിദഗ്ധ സർജന്മാരുടെ അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു. ചികിത്സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുവാൻ അന്വേഷണം ഉതകുമെന്നും ഐ എം എ വിലയിരുത്തുന്നു. സ്പീക്കർക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നൽകുവാനും ഐഎംഎ തീരുമാനിച്ചു.