
കൊച്ചി: നിപ ബാധിതനായ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രിയുടെ വാർത്താകുറിപ്പ്. ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ല. പരിചരിച്ച ജീവനക്കാരിൽ അസ്വസ്ഥതകൾ ഉളളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയെന്നും വാർത്താകുറിപ്പിൽ പറയുന്നു.
വിദ്യാർത്ഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. മുൻകരുതൽ എന്ന നിലയിൽ രോഗിയെ പരിചരിച്ച പനിയും തലവേദനയും ഉള്ള ജീവനക്കാരെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു.
പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ഇതിൽ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരിൽ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവരിൽ 3 പേർ രോഗിയെ ആശുപത്രിയിൽ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാൾ രോഗിയോടൊപ്പം പഠിച്ച വിദ്യാർത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam