'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം; വിവാദത്തിൽ വിശദീകരണവുമായി ബഹാവുദ്ദീൻ നദ്‍വി, 'വിമര്‍ശനം ചിലര്‍ക്ക് പൊള്ളി, മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്'

Published : Sep 11, 2025, 12:08 PM ISTUpdated : Sep 11, 2025, 12:11 PM IST
Bahauddeen Muhammed Nadwi

Synopsis

'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ദുഷ്ടലാക്കോട് കൂടി ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്നും ഡോ. ബഹാവുദ്ദീൻ നദ്‍വി  പറഞ്ഞു. സമസ്തയുടെ ദൗത്യമാണ് താൻ പറഞ്ഞതെന്നും നദ്‍വി.

മലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ''വൈഫ് ഇൻ ചാര്‍ജ്'' അധിക്ഷേപ പരാമര്‍ശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. തന്‍റെ 'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡോ. ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ല. ദുഷ്ടലാക്കോട് കൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രൊജക്ട് ചെയ്തിട്ടില്ല. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അധര്‍മ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണ്. അതാണ് താൻ പറഞ്ഞത്.

ഉമര്‍ ഫൈസി മുക്കത്തിന് മറുപടി

വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ ഉമര്‍ ഫൈസി മുക്കത്തിനെതിരെയും ബഹാവുദ്ദീൻ നദ്‍വി തുറന്നടിച്ചു. ഉമര്‍ ഫൈസി മുക്കം പാര്‍വതിയെ അധിക്ഷേപിച്ചയാളല്ലേ? അങ്ങേരാണോ താൻ പ്രസ്താവന നടത്തി അവമതിപ്പ് ഉണ്ടാക്കിയെന്ന് പറയുന്നതെന്നും ബഹാവുദ്ദീൻ നദ്‍വി വിമര്‍ശിച്ചു. താൻ പുത്തൻ പ്രസ്താനത്തിന്‍റെ സഹചാരിയാണെന്ന് മുശാവറയിൽ ഉമര്‍ ഫൈസി പറഞ്ഞു. താൻ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചു. എന്നാൽ, മുസ്‌ലിം സംഘടന യോഗത്തിൽ പങ്കെടുത്തു എന്നാണ് അതിന് ഉമർ ഫൈസി ന്യായം പറഞ്ഞത്. കൂടുതൽ പങ്കെടുത്തത് താനാകാം. സമസ്ത നിയോഗിച്ച ആളായത് കൊണ്ടല്ലേ പോകുന്നതെന്നും പറയുന്നത് മതമാണെന്നും ആരെയും പേടിക്കില്ലെന്നും എന്ത് ഉണ്ടായാലും പറയുമെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു.

വിവാദ പരാമര്‍ശം

പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ്‌ ഇൻ ചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നുമാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‍വി ചൂണ്ടിക്കാട്ടി. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി.

ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവനക്കെതിരെ ഉമര്‍ ഫൈസി മുക്കം രം​ഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ടെന്ന നദ് വിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറ അംഗം എന്ന നിലയില്‍ അദ്ദേഹം വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ് വി നടത്തിയത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും ഉമര്‍ഫൈസി വ്യക്തമാക്കിയിരുന്നു.

സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ ഇൻചാർജ് ഭാര്യ പരാമർശത്തെ സമസ്ത നേതൃത്വം തള്ളിയിരുന്നു . സ്വകാര്യ നോക്കേണ്ടത് സമസ്തയുടെ പണിയല്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. സമസ്തയുടെ ചർച്ചാവിഷയമല്ലെന്നും സമസ്തയുടെ നയം ഇതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്കമാക്കിയത്.

എന്നാൽ, പരാമർശത്തിൽ ഡോ. ബഹാവുദ്ദീൻ നദ്‌വിയെ പിന്തുണച്ചും ഉമർ ഫൈസിയെ തള്ളിയുമാണ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സമസ്തയുടെ നിലപാട് തന്നെയാണ് അദ്ദേഹം പറഞ്ഞത്. ബഹുഭാര്യത്വത്തെ എതിർക്കുന്ന സാംസ്കാരിക നായകരിൽ പലർക്കും ഭാര്യക്ക് പുറമേ കാമുകിമാരും മറ്റും ഉള്ളവരല്ലേ? എന്നും നാസർ ഫൈസി ചോദിക്കുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല