Chennai Flood |മഴപ്പേടിയൊഴിഞ്ഞ് ചെന്നൈ,ന്യൂനമർദ്ദം ദുർബലമായി;കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

By Web TeamFirst Published Nov 12, 2021, 7:09 AM IST
Highlights

ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു

ചെന്നൈ/തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും കനത്ത മഴയ്ക്ക്(heavy rain) കാരണമായ ന്യൂനമർദം(low pressure) തീർത്തും ദുർബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ന്യൂനമർദ്ദം കരതൊട്ടതോടെ മഴയ്ക്ക് ശമനമായി. പക്ഷേ ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ചുവരുന്നു. കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്. എവിടെയും റെഡ് അലേർട്ട് ഇല്ല. വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്

ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കും

click me!