
ആലപ്പുഴ: എൻസിപിയിൽ വീണ്ടും പടയൊരുക്കം. മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനാണ് സമ്മർദ്ദം ചെലുത്തുന്നത്. തോമസ് കെ തോമസ് എംഎൽഎയാണ് മന്ത്രിസ്ഥാനത്തിനായി പടയൊരുക്കം നടത്തുന്നത്. അദ്ദേഹത്തിന് പിസി ചാക്കോയുടെ പിന്തുണയുണ്ട്. മന്ത്രി സ്ഥാനത്തു നിന്ന് മാറാൻ ശശീന്ദ്രൻ മാറണമെന്നാണ് ഇരുവരുടെയും നിലപാട്. എന്നാൽ ശശീന്ദ്രൻ ഈ ആവശ്യത്തോട് ഒട്ടും വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ താൻ എംഎൽഎ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രൻ്റെ ഭീഷണി. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു.
ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചർച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തിൽ വാർത്ത വരുന്നുണ്ട്. പാർട്ടിയിൽ അങ്ങിനെ ഒരു ചർച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എകെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. പക്ഷേ മാറ്റം ഉണ്ടായില്ല. എങ്കില്‍ രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിവച്ചു. അതിനും എകെ ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ ചില മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഇടപെട്ട് തോമസ് കെ തോമസിനെയും പിസി ചാക്കോയെയും അനുനയത്തിലെത്തിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം. മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം അറിയിച്ചെങ്കിലും പറ്റില്ലെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാല്‍ എലത്തൂര്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നാണ് ഭീഷണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam