
തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. വിമാനത്താവളങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻ പോക്‌സ് സമാന ലക്ഷണങ്ങൾ ഉള്ളവർക്ക് റാൻഡം പരിശോധന ജില്ലകളിൽ ഉടൻ തുടങ്ങും. മങ്കി പോക്‌സ് വ്യാപനം ഉണ്ടായോ എന്നറിയാൻ ആണിത്. ഇന്നലെ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയ കേന്ദ്രസംഘം രോഗിയുടെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
മങ്കിപോക്സ്: ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, റാൻഡം പരിശോധന നടത്തും
സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കുന്നതാണ്. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതുവരെ 1200 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി വരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam