Kizhakkambalam Clash : കിറ്റെക്സ് കമ്പനിയിൽ ലേബര്‍ കമ്മീഷണറുടെ പരിശോധന; റിപ്പോര്‍ട്ട് ഉടൻ മന്ത്രിക്ക് കൈമാറും

By Web TeamFirst Published Dec 29, 2021, 1:17 PM IST
Highlights

അതേസമയം അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘവും കിറ്റെക്സ് ഓഫീസിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ 10 തൊഴിലാളികളെ ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കു൦.

കൊച്ചി: ക്രിസ്തുമസ് ദിനത്തിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കിഴക്കമ്പലത്തെ (Kizhakkambalam Clash) കിറ്റെക്സ് കമ്പനിയിൽ (Kitex) ലേബര്‍ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തി. പുരുഷ - വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇത് സ൦ബന്ധിച്ച രേഖകളും പരിശോധിച്ചു. തൊഴിൽ സാഹചര്യങ്ങൾ വിശദമാക്കി റിപ്പോര്‍ട്ട് ഉടൻ മന്ത്രിക്ക് കൈമാറുമെന്ന് ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര വ്യക്തമാക്കി. തൊഴിലാളികൾ സ൦ഘ൦ ചേർന്ന് പൊലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴിൽ വകുപ്പ് പരിശോധന തുടങ്ങിയത്.

ഇവിടെയുള്ള തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ ഇവരെ കൂട്ടമായി പാർപ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടര്‍ന്ന് ഫാക്ടറിക്ക് മുകൾ നിലയിലുള്ള വനിതാ ഹോസ്റ്റലിലു൦ പരിശോധന സ൦ഘമെത്തി. തൊഴിൽ വകുപ്പിന്‍റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ല്‍ അധികം അതിഥി തൊഴിലാളികൾ കിറ്റെക്സ് കമ്പനിയിലുണ്ട്. എന്നാൽ കമ്പനി നിലവിൽ പറയുന്നത് 500 പേർ മാത്രമെന്നാണ്. ഈ കണക്കുകളിൽ വ്യക്തത വരുത്താൻ രേഖകൾ ഉൾപ്പടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. 

അതേസമയം അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സംഘവും കിറ്റെക്സ് ഓഫീസിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. അക്രമസ൦ഭവങ്ങളുടെ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. വാഹനം കത്തിയതിന്‍റെ ഫോറൻസിക് പരിശോധന ഫലം കൂടി വൈകാതെ ലഭിക്കു൦. അക്രമവുമായി ബന്ധപ്പെട്ട് 174 പേരാണ് പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ 10 തൊഴിലാളികളെ ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കു൦.

ക്രിസ്തുമസ് ദിനത്തിലെ ആൾക്കൂട്ട ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എല്ലാത്തിന്‍റെയും തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊലീസ് തേടുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ലഹരിഉപയോഗം സംബന്ധിച്ചും കൂടുതൽ വിവരണൾ കണ്ടെത്തുകയാണ് പൊലീസ്. ആഘോഷ ലഹരിയിൽ അഴിഞ്ഞാടിയ തൊഴിലാളികൾ കുന്നത്ത് നാട് ഇൻസ്പെക്ടർ അടക്കമുള്ള പൊലീസുകാരെ  വധിക്കാൻ ശ്രമിച്ചെന്നാണ്  റിമാൻഡ് റിപ്പോർട്ട്.

സംഭവത്തിൽ പരിക്കേറ്റ എട്ട് പൊലീസുകാരുടെയും ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കാത്തതിൽ വിമർശനവുമായി പൊലീസ് അസോസിയേഷന്‍ രംഗത്തെത്തി. ആശുപത്രിയിലെ മുഴുവൻ ചികിത്സാ ചിലവും സ്വന്തം നിലയ്ക്കാണ് പൊലീസുകാർ കണ്ടെത്തിയത്. വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്ന പരിഹാരമായത്. ആശുപത്രിയിൽ ചിലവായ തുക തിരികെ നൽകാനും തുടർചികിത്സക്ക് പണം ലഭ്യമാക്കാനും ഡിജിപി നിർദ്ദേശം നൽകി.

click me!