
ചിങ്ങവനം: ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മികച്ച മാതൃകയെന്നും അതിനുള്ള ആദ്യ വിത്ത് പാകിയത് ഇവിടുത്തെ ക്രൈസ്തവ മിഷണറിമാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിൻ്റെ വെളിച്ചം സാധാരണക്കാരുടെ കുടിലുകളിലേക്ക് എത്തിക്കാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചു. ആരോഗ്യ രംഗത്തെ നേട്ടത്തിന് പിന്നിലും ക്രൈസ്തവ സഭകളുടെ പങ്ക് വലുതാണ്. മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്ക് ഇരയായി, ആയിരകണക്കിന് മനുഷ്യർക്ക് വീട് ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. ക്രൈസ്തവ ആരാധനാലയങ്ങളിൽ വർഗീയ ശക്തികൾ ഇരച്ചു കയറുന്നു, ബൈബിൾ കത്തിക്കുന്നു. ചില ഗ്രാമങ്ങളിൽ ക്രൈസ്തവർക്ക് റേഷൻ നിഷേധിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും വൈദികരെയും ആക്രമിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വേട്ടയ്ക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും ക്നാനായ യാക്കോബായ സഭ വിശ്വാസ സംഗമവും ക്നാനായ സമുദായ ദിനാഘോഷത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ പ്രത്യാശയുടെ തുരുത്തായി കേരളം നിലനിൽക്കുന്നു. കഴിഞ്ഞ 10 വർഷം കേരളത്തിൽ വർഗീയ സംഘർഷം ഉണ്ടായിട്ടില്ല. മറ്റ് തരത്തിൽ ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കുറഞ്ഞു. ആരെയും പ്രത്യേകം ആയി സംരക്ഷിക്കുന്നില്ല. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന സമീപനം എടുത്തതും, വിട്ടു വീഴ്ച ഇല്ലാത്ത ഈ നിലപാട് സ്വീകരിച്ചതുമാണ് അക്രമങ്ങൾ കുറയാൻ കാരണം. അല്ലാതെ ഇവിടെ വർഗീയ സംഘടനകൾ ഇല്ലാത്തത് കൊണ്ടല്ല. രാജ്യത്തെ വലിയ വർഗീയ സംഘടനകൾ ഇവിടെ എന്നാണ് അവർ അവകാശപ്പെടുന്നത്,
എന്നാൽ അവർക്കൊന്നും കേരളത്തിൽ തല പൊക്കാൻ കഴിയുന്നില്ല. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം ആണ് സ്വീകരിക്കുന്നത് ഈ മണ്ണിൽ മാത്രം ആണ്. ഭേദ ചിന്ത ഇല്ലാതെ സഹോദരങ്ങൾ ആയി നിലനിൽക്കുകയാണ്. മത നിരപേക്ഷത കേവലം ഒരു വാക്ക് അല്ല. വർഗീയത ഏത് രൂപത്തിൽ ആയാലും സന്ധി ഇല്ലാത്ത സമീപനം ആണ് വേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയത രണ്ടും ആപത്താണ്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കാം. ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയം ഇവിടെ ഇറക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനെ എല്ലാ പ്രതിരോധിക്കുന്ന സർക്കാർ ആണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam