നവജാത ശിശുവിനെ പാറമടയിൽ തള്ളിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jun 3, 2021, 2:39 PM IST
Highlights

തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടർന്ന് ഇവരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയിൽ കെട്ടിതാഴ്ത്തിയെന്നും അവർ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പാറമടയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു.  നാൽപ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളിൽ മൂത്തയാൾക്ക് 24 വയസുണ്ട്. ഗർഭിണിയായിരുന്നുവെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാൻ ഇവരുടെ ഭ‍ർത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മ നിലവിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!