രാജ്യം കാലാവസ്ഥാ മാറ്റമറിയാൻ കടലിൽ വെച്ച യന്ത്രം കാണാതായി; തിരൂരിനടുത്ത് മത്സ്യത്തൊഴിലാളികൾ എടുത്തെന്ന് സംശയം

By Web TeamFirst Published Oct 11, 2021, 2:56 PM IST
Highlights

കാസർകോട്, കണ്ണൂർ തീരങ്ങളിൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും വ്യാപകമായി യന്ത്രത്തിനായി തിരച്ചിൽ നടത്തുന്നുണ്ട്

കാസർകോട്: അറബിക്കടലിൽ (Arabian Sea) സ്ഥാപിച്ചിരുന്ന കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെ (Ministry of Earth Sciences, Government of India) കടൽ നിരീക്ഷണയന്ത്രം കാണാതായി. സൂനാമി, കൊടുങ്കാറ്റുകൾ, കടലിലെ കാലാവസ്ഥ മാറ്റം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണ്  കാണാതായത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (National Institute of Ocean Technology) കടലിൽ നിരീക്ഷണത്തിനായി ഇത് സ്ഥാപിച്ചത്.

വേവ് റൈഡർ ബോയ് (wave rider buoy) എന്നാണ് കാണാതായ യന്ത്രത്തിന്റെ പേര്. ഒരു വർഷത്തോളമായി ശേഖരിച്ച വിലപിടിപ്പുള്ള വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഈ ബോയ്. തിരൂരിന് സമീപം കടലിൽ ചില മത്സ്യത്തൊഴിലാളികൾ ഈ ബോയ്ക്ക് മുകളിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നാല് പേർ യന്ത്രത്തിന് മുകളിൽ നിൽക്കുന്നത് കാണാനുണ്ട്. ഇത് കപ്പലിൽ നിന്ന് വേർപെട്ട യന്ത്രമാണെന്ന് സംശയിക്കുന്നുവെന്നും ഇതുമായി നാട്ടിൽ വന്നാൽ ജയിലിൽ പോകേണ്ടി വന്നേക്കാമെന്നും അവർ പറയുന്നുണ്ട്. ഈ യന്ത്രം ഉയർത്തി നോക്കിയപ്പോൾ ഒന്നര കൊട്ട അയല മീൻ കിട്ടിയെന്നും വീഡിയോയിൽ ഉള്ളവർ വ്യക്തമാക്കുന്നുണ്ട്.

ഏറെ വിലപിടിപ്പുള്ള ഉപകരണങ്ങൾ അടങ്ങിയതിനാൽ അതീവ ശ്രദ്ധയോടെ വേണം നിരീക്ഷണ ഉപകരണത്തെ കൈകാര്യം ചെയ്യാനെന്ന് ഭൗമശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധർ അറിയിച്ചു. കാസർകോട്, കണ്ണൂർ തീരങ്ങളിൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും വ്യാപകമായി യന്ത്രത്തിനായി തിരച്ചിൽ നടത്തുന്നുണ്ട്.

click me!