
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ഇന്ത്യൻ നേവിയുടെ സീകിങ് ഹെലികോപ്ടര്‍ (എഎൽഎച്ച്) ഐഎൻഎസ് ഗരുഢയും. ലാർജ് ഏരിയ ഏരിയൽ ലിക്വിഡ് ഡിസ്പർഷൻ എക്യുപ്‌മെന്റ് സഹിതം അത്യാധുനിക സംവിധാനങ്ങളോടെയാണ് ഗരുഢയുടെ പ്രവര്‍ത്തനം. ഇന്ത്യൻ നേവിയുടെ കരുത്തരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് സൗത്തേൺ നേവി കമാന്റ് ഹെഡ്ക്വാര്‍ട്ടറിന് കീഴിൽ കേരള സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത്.
5000 ലിറ്റര്‍ കപ്പാസിറ്റിയിൽ തീയണയ്ക്കാനായി നിരവധി തവണ ഹെലികോപ്ടര്‍ വെള്ളമെത്തിച്ച് പ്രവര്‍ത്തനം തുടരുകയാണ്. നേരത്തെ ചേതക് ഹെലികോപ്റ്റർ ആയിരുന്നു തീയണയ്ക്കാൻ നിര്‍ദേശിച്ചത്. എന്നാൽ പ്ലാന്റിന് മുകളിലെ മൂടൽമഞ്ഞുള്ള അന്തരീക്ഷവും ഹെലികോപ്റ്ററിന്റെ അപ്രോച്ച് പാതയിൽ ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളുകളും ഉണ്ടാക്കിയേക്കാവുന്ന അപകടവും പരിഗണിച്ചാണ് ഗരുഢയിലേക്ക് എത്തിയതെന്ന് പ്രതിരോധ വക്താവ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടിത്തം അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവർത്തിച്ചു. മാലിന്യം നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കവും പ്രതിസന്ധിയിലാണ്. 27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂർണ്ണായി തീ അണക്കാനാകില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കിൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി. വെയിൽ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നു.
കോർപ്പറേഷൻ നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇതെവിടെ നിക്ഷേപിക്കുമെന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. മാലിന്യം താത്കാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂർണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റുക. ബ്രഹ്മപുരത്തെ കരാറിൽ അന്വേഷണൺ ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷനിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.