
കൊച്ചി : ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിൽ ആകെ മുറിവേറ്റ പരിക്കുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളേജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും.
പെൺകുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് പാതിരാത്രി വീട്ടിലേക്ക് പ്രതി നേരിട്ട് എത്തിയത്.
പെൺകുട്ടി വാതിൽ തുറന്നയുടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു. കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശി.
പെൺകുട്ടിയുടെ തലയിൽ കൊണ്ടു, തല പിന്നീട് ഭിത്തിയിൽ ഇടിപ്പിച്ചു. പെൺകുട്ടി ശബ്ദമുണ്ടാക്കിയതോടെ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. അതിനിടെയാണ് വീടിനു പുറത്ത് ആളനക്കം കണ്ടത്. പെൺകുട്ടി വിളിച്ചിട്ട് ആരോ വന്നതാണെന് തെറ്റിദ്ധരിച്ചു വീണ്ടും മർദ്ദിച്ചു. വസ്ത്രങ്ങൾ വലിച്ചു കീറി. ലൈംഗികമായി ഉപദ്രവിച്ചു
അതോടെയാണ് ഷാൾ ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു പെൺകുട്ടി കട്ടിലിൽ കയറിയത്. പിടിവിട്ട് ഷാളിൽ തൂങ്ങിയ പെൺകുട്ടി മരണവെപ്രാളതിൽ പിടയുന്നത് കണ്ട് അനൂപ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഷാൾ മുറിച്ചു. ഇതോടെ കുട്ടി പിടിഞ്ഞു താഴെ വീണു. കഴുത്തു മുറുകി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വീണ്ടും വായയും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെയാണ് പെൺകുട്ടി പൂർണമായും അബോധാവസ്ഥയിലായത്. ആറരവരെ വീട്ടിൽ തുടർന്ന അനൂപ് പെൺകുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam