
കൊച്ചി: മാലിദ്വീപിൽ നിന്ന് 698 പ്രവാസികളുമായി നാവികസേനാ കപ്പൽ കൊച്ചി തുറമുഖത്തെത്തി. വൻ സന്നാഹമാണ് ഇവർക്കായി തുറമുഖത്ത് ഒരുക്കിയത്. 10 കൗണ്ടറുകളിലായി രേഖകൾ പരിശോധിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തെർമൽ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും. കേരളത്തിന് പുറമെ, തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ട്.
കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് രാവിലെ പുറംകടലിലേക്ക് പോയിരുന്നു. സാമുദ്രിക ടെർമിനലിൽ നിന്നാണ് ബോട്ട് പുറപ്പെട്ടത്. 9.40 ഓടെയാണ് ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തിയത്.
കപ്പലിലെ 698 യാത്രക്കാരിൽ 19 ഗർഭിണികളും പത്ത് വയസിൽ താഴെ പ്രായമുള്ള 14 കുട്ടികളും കപ്പലിലുണ്ട്. 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്. 440 ഓളം പേർ മലയാളികളും 140 ഓളം പേർ തമിഴ്‌നാട് സ്വദേശികളുമാണ്. ശേഷിച്ചവർ കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാൽ ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവരിൽ 638 പേർക്കും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് മാലിയിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam