ആദ്യ ഘട്ട സമുദ്ര പരീക്ഷണം വിജയം: ഐഎൻഎസ് വിക്രാന്ത് തിരിച്ചെത്തി, സേനയ്ക്ക് കൈമാറാൻ ആറ് പരീക്ഷണങ്ങൾ ബാക്കി

By Web TeamFirst Published Aug 8, 2021, 5:53 PM IST
Highlights

കൊച്ചി ഷിപ്‌യാർഡിന്‍റെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉൾക്കടലിലെ പരിശോധനകൾ

കൊച്ചി: ആദ്യ ഘട്ട സമുദ്ര പരീക്ഷണത്തിന് ശേഷം ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ മടങ്ങിയെത്തി. അഞ്ച് ദിവസങ്ങൾ നീണ്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു. ഇതേ മാതൃകയിൽ ആറ് സമുദ്ര പരീക്ഷണങ്ങൾ കൂടി നടത്തിയ ശേഷമാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിനെ നാവികസേനക്ക് കൈമാറുക.

കൊച്ചി ഷിപ്‌യാർഡിന്‍റെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു. പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി. ഹളളിലെ ഉപകരണങ്ങളുടെ പരിശോധനയും വിജയകരമായിരുന്നു.

ട്രയൽ പൂർത്തിയായ ശേഷം കൊച്ചിൻ കപ്പൽശാലയിൽ നിന്നും നാവികസേന യുദ്ധക്കപ്പൽ പൂർണമായും ഏറ്റെടുക്കും. തുടർന്നാവും ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണം. അടുത്ത വർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്.

14000 പേരുടെ അധ്വാനത്തിന്റെ ഫലം

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ ഏതാണ്ട് 14000ത്തിലേറെ പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കാനും സാധിച്ചു.

തദ്ദേശീയമായി 76 ശതമാനത്തിന് മുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ കൊച്ചി കപ്പൽശാലയുടെയും മറ്റ് ഉപ കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചുവെന്നത് സാമ്പത്തികമായും രാജ്യത്തിന് നേട്ടമായി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിൽ പങ്കാളിയായി.

നീളം 262 മീറ്റർ, 14 ഡെക്ക്, 2300 കംപാർട്ട്മെന്റ്

ഐഎൻഎസ് വിക്രാന്തിന്റെ അകത്ത് 2300 കംപാർട്ട്മെന്റുകളുണ്ട്. കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമാണ്. പോർവിമാനങ്ങൾക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പർ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്. 

ഒരു സമയം 1700 ഓളം വരുന്ന ക്രൂവരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

click me!