കൊച്ചി മേയര്‍ക്കെതിരെ പടയൊരുക്കം ശക്തമാക്കി എ-ഐ ഗ്രൂപ്പുകള്‍

By Web TeamFirst Published Nov 2, 2019, 2:18 PM IST
Highlights

എന്നാൽ കെപിസിസി പ്രസിഡന്റ്  ഇതുവരെ മേയറെ മാറ്റുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല

കൊച്ചി: മേയർ സൗമിനി ജയിനെതിരെ പടയൊരുക്കം ശക്തമാക്കി എ - ഐ ഗ്രൂപ്പുകൾ. മേയർ സ്ഥാനത്ത് നിന്ന് സൗമിനി ജയിനിനെ  നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്ർ‍റ് അടക്കം ആറ് വനിതാ കൗൺസിലർമാർ പരസ്യമായി രംഗത്ത് വന്നു. രണ്ടര വർഷത്തിനു ശേഷം മേയർ  സ്ഥാനമൊഴിയാമെന്ന മുൻ ധാരണ സൗമിനി തെറ്റിച്ചെന്നാണ് ആക്ഷേപം.

ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയ്ക്ക് പിന്നാലെയാണ് കൊച്ചി  കോർപ്പറേഷൻ മേയർക്കെതിരെ പാർട്ടിയിൽ കലാപം തുടങ്ങിയത്. ഹൈബി ഈഡൻ എംപിയാണ്  പരസ്യ കലാപത്തിന് തുടക്കമിട്ടത്.   എന്നാൽ കെപിസിസി പ്രസിഡന്റ്  ഇതുവരെ മേയറെ മാറ്റുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയിലെ വനിത നേതാക്കളെ ഇറക്കിയുള്ള പുതിയ സമ്മർദ്ദ തന്ത്രം.

രണ്ടര വർഷത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന പാർട്ടിയിലെ മുൻ  ധാരണ കുടുംബകാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയർ ലംഘിച്ചെന്നാണ് സഹപ്രവർത്തകരായ ആറ് വനിതാ കൗൺസിലർമാരുടെ ആക്ഷേപം. മേയറെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുകയാണെന്ന പ്രചാരണങ്ങളെയും വനിതാ കൗൺസിലർമാർ തള്ളുന്നു.

നേതൃത്വം മേയറെ മാറ്റിയില്ലെങ്കിൽ കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് പ്രതിഷേധമറിയിയിക്കാനാണ് തീരുമാനം. എന്നാൽ ഇതിനോടൊന്നും  പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മേയർ സൗമിനി ജയിൻ. നഗരത്തിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലും കോർപറേഷൻ ഭരണമാറ്റം ചർച്ചയായി. എന്നാൽ കോർപ്പറേഷൻ കൗൺസിലർമാരുടെ പരസ്യ പ്രതിഷേധത്തോട് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനിന്‍റെ പ്രതികരണം ഇതാണ്.

വി.കെ.മിനിമോൾ,ഷെമീന, ഗ്രേസി ബാബുജേക്കബ്,മാലിനി, സാക്രിത, ഡെലിന പീറ്റർ എന്നീ കൗൺസിലർമാരാണ് ഇന്ന് മേയർക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഈ മാസം 13ന്   ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്  നടക്കും മുൻപ് മേയറുടെ സ്ഥാനമാറ്റത്തിൽ തീരുമാനം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

click me!