
കോഴിക്കോട്: നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു. ഫറൂഖ് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പാതയില്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രളയത്തിനിടെ കുലംകുത്തിയൊഴുകിയ ചാലിയാര്‍ പാലത്തിന്‍റെ ഡെയ്ഞ്ചര്‍ സോണിന് മുകളിലൂടെ ഒഴുകിയിരുന്നു. ട്രാക്കിലടക്കം വെള്ളം കയറുകയും പാലത്തിന് താഴെ മരങ്ങളും മറ്റു മാലിന്യങ്ങളും വന്നടിയുകയും ചെയ്തതോടെ റെയില്‍വേ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ മലബാറിലേക്ക് മധ്യകേരളത്തില്‍ നിന്നുള്ള തീവണ്ടി ഗതാഗതം സ്കംതഭിച്ചു.
രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന് തകരാര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗതാഗതം പുനരാംരഭിക്കാന്‍ തീരുമാനിച്ചത്. മറ്റു നടപടികളും കൂടി പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ തീവണ്ടികള്‍ കടത്തിവിട്ടു തുടങ്ങും. നാല് ദിവസമായി ഓടാതിരുന്ന മലബാര്‍, മാവേലി, മാംഗ്ലൂര്‍ എക്സ്പ്രസ് തീവണ്ടികളും, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകളും ഇന്ന് സര്‍വ്വീസ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയിലും പ്രളയത്തിനിടെ ഗതാഗതം നിര്‍ത്തിവച്ചിരുന്നുവെങ്കിലും അവിടെ കഴിഞ്ഞ ദിവസം ഗതാഗതം പുനസ്ഥാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam