അതിഥി തൊഴിലാളികളുടെ മടക്കം: സംഘര്‍ഷങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Apr 30, 2020, 7:05 PM IST
Highlights

മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്ര അനുവദിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം. മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സേവനവും തേടും. ക്രമസമാധാന പ്രശ്‍നങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാന സർക്കാർ ഒരുക്കി നൽകുന്നതിനിടെയാണ് ചിലയിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. ഇന്ന് മലപ്പുറം ചട്ടിപ്പറമ്പിൽ നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങി. മലപ്പുറത്ത് നൂറോളം അതിഥി തൊഴിലാളികൾ ചേർന്നാണ് പ്രതിഷേധിച്ചത്. 

പൊലീസ് ലാത്തി വിശീയാണ് ഇവരെ നീക്കിയത്. പ്രകടനത്തിനു പിന്നിൽ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. തങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ തെഴിലാളികൾ നാട്ടിലെത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. അതേസമയം സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമമുണ്ടായാൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. അവരെ തിരിച്ച് നാട്ടിലെത്തിക്കാനും തൽപ്പരരാണ്. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമമുണ്ടായാൽ അനുവദിക്കില്ല. അത്തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതിനാലാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മളനത്തിൽ പറഞ്ഞു.


 

click me!