ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ സിപിഐയിൽ അഭിപ്രായ ഭിന്നത

By Web TeamFirst Published Jun 24, 2019, 7:59 PM IST
Highlights

പ്രളയകാലത്ത് അധിക ചിലവ് വരുമെന്നതിനാല്‍ സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ച സിപിഐയുടെ ഇപ്പോഴത്തെ നടപടി പാർട്ടിക്ക് കളങ്കമുണ്ടാക്കുമെന്നാണ്  ഇ ചന്ദ്രശേഖരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം.

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ യോഗത്തിൽ വിമർശനം. സ്ഥാനം ഏറ്റെടുക്കുന്നത് പാർട്ടിക്ക് കളങ്കമുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ, സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, സി എൻ ചന്ദ്രൻ എന്നിവരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാർട്ടിക്ക് അർഹതപ്പെട്ട പദവി ഇനിയും ഏറ്റെടുക്കാതിരിക്കരുത് എന്ന് വാദിച്ചു.

ഒല്ലൂര്‍ എംഎല്‍എ കെ രാജനെ ചീഫ് വിപ്പാക്കാനാണ് സിപിഐ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് പുറത്ത് പോയ ഇ പി ജയരാജനെ വീണ്ടും മന്ത്രി സഭയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സിപിഎം ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തത്.  പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്ന നിഗമനത്തിലെത്തിയ സിപിഐ ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് വച്ചതായിരുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തിൽ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി തീരുമാനിക്കുകയായിരുന്നു. ക്യാബിനറ്റ് റാങ്കോടെയാണ് സിപിഐക്ക് ചീഫ് വിപ്പ് പദവി നല്‍കുന്നത്. പ്രളയകാലത്ത് അധിക ചിലവ് വരുമെന്നതിനാല്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ച സിപിഐയുടെ ഇപ്പോഴത്തെ നടപടി പാർട്ടിക്ക് കളങ്കമുണ്ടാക്കുമെന്നാണ്  ഇ ചന്ദ്രശേഖരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ പി സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്നാരോപിച്ച് സിപിഐ ആണ് ഏറ്റവും അധികം വിമര്‍ശനം  ഉയർത്തിയത് സിപിഐ തന്നെയായിരുന്നു. 

click me!