
മലപ്പുറം: താനൂരിൽ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചു. പരിശോധനക്ക് ശേഷം ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ഇയാളെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തിരുന്നു. പ്രതിക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥലത്തേക്ക് എത്തിക്കുക.
ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. സ്രാങ്കു ജീവനക്കാരനും ജില്ല വിട്ട് പോയില്ലെന്ന് പൊലീസ് നിഗമനം. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേൽ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും എൻഡിആർഎഫ് തെരച്ചിൽ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15 അംഗ എൻഡിആർഎഫ് യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും കണ്ടെത്താനുള്ളതായി സ്ഥിരീകരണമില്ലെങ്കിലും ഒരു ദിവസം കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കകത്തെ ബോട്ടിൽ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായതെന്നത് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
താനൂർ ബോട്ട് അപകടം: ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ ഇരുപത്തിരണ്ട് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 9 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ടു പേരും മറ്റൊരു കുടുംബത്തിലെ നാല് പേരും അപകടത്തിൽ മരിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam