'ചങ്ങനാശ്ശേരി പ്രകടനത്തിൽ നടപടി'; ചന്ദ്രശേഖരൻ പറഞ്ഞില്ലല്ലോയെന്ന് പി പി തോമസ്, പരസ്യ പ്രതികരണം പിന്നീട്

By Jithi RajFirst Published Apr 4, 2022, 7:04 PM IST
Highlights

ചന്ദ്രശേഖരൻ പറഞ്ഞത് കൂടിയാലോചന നടത്തുമെന്നാണ്. ആലോചനകൾ നടക്കട്ടെ, അതിന് ശേഷം പരസ്യമായി പ്രതികരിക്കാമെന്നുംന്നും പി പി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്...

കോട്ടയം: വി ഡി സതീശനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞതിൽ പ്രതികരണം പിന്നിടെന്ന് ചങ്ങനാശ്ശേരി ഐഎൻടിയുസി. പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞിട്ടില്ലെന്ന് ഐഎൻടിയുസി നേതാവ് പി പി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചങ്ങനാശ്ശേരി പ്രകടനത്തിനെതിരെ നടപടിയെടുക്കാനാണ് കെപിസിസി തീരുമാനമെന്നാണ് ഇന്ന് സമവായ ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സുധാകരൻ പറഞ്ഞത്.

ചന്ദ്രശേഖരൻ പറഞ്ഞത് കൂടിയാലോചന നടത്തുമെന്നാണെന്നും ആലോചനകൾ നടക്കട്ടെ, അതിന് ശേഷം പരസ്യമായി പ്രതികരിക്കാമെന്നും പി പി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരന്‍ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചത്. സംഘടനയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് വ്യക്തമാക്കിയ സുധാകരൻ കോണ്‍ഗ്രസിന്‍റെ അവിഭാജ്യഘടകമാണ് ഐഎന്‍ടിയുസിയെന്നും തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രകടനമുണ്ടായതെന്നും വൈകീട്ട് നടന്ന ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. 

അതേസമയം ദിവസങ്ങളായി തുടരുന്ന വിവാദം തീര്‍ക്കാന്‍, വൈകീട്ടത്തെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെയും ചന്ദ്രശേഖരനെ വീട്ടിലേക്ക് വിളിച്ച് കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ സതീശനെതിരെ എതിർപ്പ് അറിയിച്ച ചന്ദ്രശേഖരൻ ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണെന്ന് വിശദീകരിച്ചു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും തിരുത്തൽ വേണമെന്നും ചര്‍ച്ചയില്‍ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു.

ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും സതീശനെതിരെ നടന്ന പ്രകടനങ്ങളെ  സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് ചന്ദ്രശേഖരൻ ന്യായീകരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ നിർത്തണമെന്ന ആവശ്യം സുധാകരൻ മുന്നോട്ട് വെച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വാർത്താസമ്മേളനം പിൻവലിക്കാതെ സതീശനെതിരായ എതിർപ്പ് ചന്ദ്രശേഖരന്‍ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് വൈകിട്ട് സുധാകരനും സതീശനും ഐഎൻടിയുസി പ്രസിഡന്‍റ് ചന്ദ്രശേഖരനും കൂടിക്കാഴ്ച നടത്തിയത്.

tags
click me!