ഉത്രാവധക്കേസ്; 'തൃപ്തികരമായ വിധി', ശിക്ഷ കോടതിയുടെ വിവേചനാധികാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

By Web TeamFirst Published Oct 13, 2021, 1:38 PM IST
Highlights

കോടതിയുടെ വിവേചനാധികാരമാണ് ശിക്ഷയെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഹരിശങ്കര്‍ പറഞ്ഞു.

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസിലേത് (uthra murder case) തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‍ ഹരിശങ്കര്‍. കോടതിയുടെ വിവേചനാധികാരമാണ് ശിക്ഷയെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഹരിശങ്കര്‍ പറഞ്ഞു. ശിക്ഷാ വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല വിധി വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നത്. നീതി കിട്ടിയില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന്  കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‍തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകളാണ് കോടതി വിധിച്ചത്. ആകെ 17 വര്‍ഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 

click me!