
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമക്കത്തിനെ കുറിച്ച് ഡിജിപിയെ വിവരം ധരിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്‍റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി. ദിലീപടക്കമുളള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കുമപ്പുറത്ത് വിശ്വാസ യോഗ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. ക്വട്ടേഷൻ കൊടുത്ത മാഡം എന്നൊരാൾ ഉണ്ടോ എന്നുപോലും കോടതിമുറിയിൽ കൃത്യമായ ഉത്തരം നൽകാനായില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വാസ യോഗ്യമല്ല എന്നുതന്നെയാണ് വിധി ന്യായത്തിലുളളത്. എന്നാൽ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ഹൈക്കോടതിൽ നൽകുന്ന അപ്പീലിൽ കൃത്യമായി പ്രതിരോധിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ 6 പ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് കാര്യകാരണ സഹിതം കോടതി പ്രോസിക്യൂഷൻ വീഴ്ചകൾ വിശദീകരിക്കുന്നത്. സ്ത്രീയുടെ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോള്‍ ഒന്നാം പ്രതി പൾസർ സുനി നടിയോട് പറഞ്ഞത്. ഇങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് ആയില്ല. നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുൻപ് ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി പൾസർ സുനി സംസാരിച്ചിട്ടുണ്ട്. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നുപോലും കൃത്യമായ വിശദീകരണമില്ല. അവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിക്കുന്നു.
ദിലീപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി. അവിടെനിന്ന് പണവും വാങ്ങിപ്പോകുന്ന പൾസർ സുനിയെ കണ്ടെന്നും മൊഴിയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുളള ബന്ധം പരമരഹസ്യമായിരുന്നെന്ന് ആരോപിക്കുന്ന പ്രോസിക്യൂഷൻ തന്നെയാണ് ദിലീപിന്‍റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടതെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിക്കുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും മൊബൈൽ ഫോണും സൂക്ഷിക്കാൻ ദിലീപും കാവ്യ മാധവനും ചേർന്ന് ബാങ്ക് ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണവും കോടതി തളളിക്കളഞ്ഞു. വെറുമൊരു ആരോപണത്തിനുമപ്പുറത്ത് തെളിവിന്‍റെ തരിമ്പ് പോലുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ പൾസർ സുനി പറഞ്ഞ മാഡത്തെപ്പറ്റി അന്വേഷിച്ചതാണെന്നും അതിൽ യാതൊരു വസ്തുതയുമില്ലെന്ന് ബോധ്യപ്പെട്ടിരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. വിചാരണ കോടതി എത്തിച്ചേർന്ന കണ്ടെത്തലുകൾ ശരിയല്ലെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ കൃത്യമായി ധരിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam