എസ്എഫ്ഐ മുൻ നേതാവിനെ മർദിച്ച സംഭവം; കോന്നി മുൻ സിഐ മധുബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത്

Published : Sep 08, 2025, 07:42 AM IST
madhubabu

Synopsis

മുൻ എസ്പി ഹരിശങ്കറാണ് റിപ്പോർട്ട് നൽകിയത്

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധുബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുൻ എസ്പി ഹരിശങ്കറാണ് റിപ്പോർട്ട് നൽകിയത്. 2016ലാണ് ഡിജിപിക്ക് മധുബാബുവിനെതിരെ നടപടി ശുപാർശ ചെയ്തത്. സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുവെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ ക്രമസമാധന ചുമതലയിൽ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിരുന്നു. എന്നാല്‍, അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മധുബാബു അനുകുല ഉത്തരവ് വാങ്ങുകയായിരുന്നു. എസ്പി ഹരിശങ്കറിന്‍റെ റിപ്പോർട്ട് തള്ളി മധു ബാബുവിന് സ്ഥാനക്കയറ്റവും നൽകുകയായിരുന്നു.

2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.

കേരള പോലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി