അട്ടപ്പാടി ആപ്കോസിലെ ക്രമക്കേടിൽ ഒടുവിൽ അന്വേഷണം; അഗളി ഫാം ഇൻസ്പെക്ടറെ സ്ഥലം മാറ്റി

Published : Oct 12, 2019, 11:51 AM ISTUpdated : Oct 12, 2019, 11:53 AM IST
അട്ടപ്പാടി ആപ്കോസിലെ ക്രമക്കേടിൽ ഒടുവിൽ അന്വേഷണം; അഗളി ഫാം ഇൻസ്പെക്ടറെ സ്ഥലം മാറ്റി

Synopsis

കിഴക്കൻ അട്ടപ്പാടിയിലെ ക്ഷീരസഹകരണ സംഘമായ കോട്ടത്തറ ആപ്കോസിൽ 7 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ആദിവാസികളുൾപ്പെടെയുളള ഗുണഭോക്താക്കൾക്ക് ലാഭവിഹിതം നൽകിയില്ല, കാലിത്തീറ്റ വാങ്ങിയതിൽപ്പോലും ഗുരുതര ക്രമക്കേട് എന്നിവയായിരുന്നു പ്രധാന കണ്ടെത്തൽ.   

കോട്ടത്തറ: അട്ടപ്പാടി കോട്ടത്തറ ക്ഷീര സഹകരണസംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർ സഹകരണ സംഘത്തിലെത്തി തെളിവെടുപ്പ് നടത്തി. 7 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ

കിഴക്കൻ അട്ടപ്പാടിയിലെ ക്ഷീരസഹകരണ സംഘമായ കോട്ടത്തറ ആപ്കോസിൽ 2009  മുതൽ 2013 വരെയുളള കാലഘട്ടത്തിൽ 7 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ആദിവാസികളുൾപ്പെടെയുളള ഗുണഭോക്താക്കൾക്ക് നൽകേണ്ട ലാഭവിഹിതം നൽകിയില്ല, കാലിത്തീറ്റ വാങ്ങി നൽകിയതിൽപ്പോലും ഗുരുതര ക്രമക്കേട് എന്നിവയായിരുന്നു പ്രധാന കണ്ടെത്തൽ. 

എഴുത്തും വായനയും അറിയാത്ത ആദിവാസികളെ ഉൾപ്പെടെ കബളിപ്പിച്ചായിരുന്നു കാലങ്ങളായി തട്ടിപ്പ് നടന്നിരുന്നത്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നായിരുന്നു ഓ‍ഡിറ്റ് റിപ്പോർട്ടിലെ നിർദേശം. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുൾപ്പെടെ 11 പേർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കാണിച്ച് ക്ഷീര വികസന വകുപ്പിന് പ്രത്യേക റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നിട്ടും ഉത്തരവാദികളിൽ നിന്ന് നഷ്ടം ഈടാക്കാനുളള നടപടി എടുക്കാൻ ക്ഷീരവികസന വകുപ്പ് തയ്യാറായിരുന്നില്ല. 

ആരോപണമുയർന്നപ്പോൾ ക്ഷീരവികസന വകുപ്പിന്‍റെ ജില്ലാ ഇൻപെക്ഷൻ വിഭാഗം പരിശോധന നടത്തിയെന്നും അന്നത്തെ സെക്രട്ടറി, ക്ലർക്ക് എന്നിവരുടെ പേരിൽ നടപടി തുടങ്ങിയെന്നുമുള്ള വിശദീകരണം ആണ് വകുപ്പ് നൽകിയത്. ഉന്നത രാഷ്ട്രീയ സ്വാധീനമുളള ഭരണസമിതിക്ക് വേണ്ടി ചില ഉദ്യോഗസ്ഥർതന്നെ റിപ്പോർട്ട് പൂഴ്ത്തിയെന്നും പരാതിക്കാരുടെ ആരോപണമുന്നയിച്ചു

ഗുണഭോക്താക്കളായ ക്ഷീര കർഷകർ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിട്ട് മാസങ്ങളായിട്ടും നടപടി ഒന്നും ആയിരുന്നില്ല. നടപടി വൈകുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഒടുവിൽ കോഴിക്കോട്ട് നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. കോട്ടത്തറയിലെ സംഘം ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണം നടത്തി. സംഘത്തിലെ ദൈനംദിന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ഉടൻ തന്നെ അഗളി ഫാം ഇൻസ്പെക്ടറെ സ്ഥലം മാറ്റി ഉത്തരവും ഇറങ്ങി.  

വരുംദിവസങ്ങളിൽ കോട്ടത്തറിയിൽ മിന്നൽ പരിശോധനയുണ്ടാവുമെന്നാണ് സൂചന. എന്നാൽ പരിശോധനക്കെത്തിയത് ആരെന്ന് അറിയില്ലെന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം. ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിൽ അപാകതയില്ല. നെന്മാറയിൽ അടിയന്തര സാഹചര്യമുളളതിനാൽ നേരത്തെ തീരുമാനിച്ച സ്ഥലംമാറ്റമാണിത്. ആപ്കോസിലെ ക്രമക്കേടുകളെക്കുറിച്ച് വകുപ്പുതല അന്വേഷണം 2 മാസത്തിനകം പൂർത്തിയാകുമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി, മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുമെന്ന് ലീ​ഗ്
ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ