വിജയരാഘവനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നെന്ന് രമ്യ ഹരിദാസ്; പൊലീസ് മൊഴിയെടുത്തു

By Web TeamFirst Published Apr 3, 2019, 5:53 PM IST
Highlights

വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു പരാതി. ഇതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് രമ്യ ഹരിദാസിന്‍റെ നിലപാട്.

പാലക്കാട് : ഇടത് മുന്നണി കൺവീനർ എ വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു രമ്യഹരിദാസിന്‍റെ പരാതി. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് രമ്യ ഹരിദാസ് അന്വേഷണ സംഘത്തോട് പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് രമ്യ ഹരിദാസിന്‍റെ തീരുമാനം. 

പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം.

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല... ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.

click me!