സിഎജി റിപ്പോര്‍ട്ടിനെതിരെ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

By Web TeamFirst Published Feb 21, 2020, 12:54 AM IST
Highlights

കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നു

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനും പൊലീസിനും എതിരെ പ്രതിഷേധം കടുക്കുമ്പോൾ പ്രതിരോധവുമായി ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്നാണ് ഐഎഎസ് ഐപിഎസ് അസോസിയേഷൻ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. 

ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങൾക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നു. 

പൊലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായതില്‍ ഹൈക്കോടതി ഇടപെടല്‍. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. വെടിയുണ്ടകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. 

കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഒഴിഞ്ഞ കാര്‍ട്രിഡ്ജുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂ. പൊലീസിന്‍റെ ഒരു തോക്കുപോലും കാണാതായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

click me!