
തിരുവനന്തപുരം: സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് . മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാന്‍റും നല്‍കിയതില്‍ തുടങ്ങി സാധനങ്ങള്‍ വാങ്ങുന്നതിലും സിറ്റിങ് ഫീസ് നല്‍കുന്നതിലുമടക്കം ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കേന്ദ്ര ഗ്രാന്‍റ് ചെലവഴിച്ചതിന്‍റെ വിശദാംശങ്ങൾ പോലും നല്‍കാൻ കൗണ്‍സിലിന് കഴിഞ്ഞിട്ടില്ല. 2014 മുതല്‍ 2019 വരെയുള്ള കൗണ്‍സിലിന്‍റെ പ്രവര്‍ത്തനമാണ് ഓഡിറ്റിന് വിധേയമാക്കിയത് .
സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയില്‍ നഴ്സിങ് കൗണ്‍സിലില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. ബജറ്റ് യഥാര്‍ഥ വരവ് ചെലവുമായി പൊരുത്തപ്പെടുന്നില്ല. സ്ഥിര നിക്ഷേപ പലിശ 2015-16 മുതല്‍ 2018-19 വരെ 5 കോടിയില്‍ താഴെയാണെങ്കിലും 2017-18 മുതല്‍ ആറ് കോടി രൂപ വരവായി ബജറ്റില്‍ ഉൾപ്പെടുത്തി. ഇത് എങ്ങനെ സംഭവിച്ചുവെന്നതിന് കൃത്യമായ മറുപടിയും കൗണ്‍സിലിന് ഇല്ല . 2008-09 കാലയളവിൽ കൗണ്‍സിലിന് കേന്ദ്രത്തില്‍ നിന്ന് ഒരു കോടി രൂപ ലഭിച്ചു . ഈതുക എങ്ങനെ ചെലവാക്കിയെന്നതിന്‍റെ കണക്കുകളും കൗണ്‍സിലിന്‍റെ കയ്യിലില്ല.
തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കൗണ്‍സിലിന് ധനപരമായോ ഭരണപരമായോ നിയന്ത്രണമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9കോടി രൂപ കൈമാറി. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ കക്ഷി ചേര്‍ന്ന് തുക ചെലവഴിച്ചു. കൗണ്‍സിലിന്‍റെ അംഗീകൃത സ്റ്റാഫ് പാറ്റേണ്‍ 14 ആയിരിക്കെ അത് 34 ആക്കി. അനുമതി പോലും വാങ്ങാതെ നടത്തിയ നിയമനങ്ങൾക്ക് ന്യായീകരണമില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
ചട്ടപ്രകാരമല്ലാതെ രജിസ്ട്രാര്‍ക്ക് സിറ്റിങ് ഫീസ് അനുവദിച്ചത് വഴി 141750 രൂപ നഷ്ടമുണ്ടാക്കി. 2017,18 കാലയളവിൽ സര്‍ക്കാരിൻറെ മുൻകൂര്‍ അനുമതി വാങ്ങാതെ രജിസ്ട്രാര്‍ വിമാനയാത്ര നടത്തിയെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്സ്ങ് സ്കൂളുകള്‍ക്കും കോളജുകൾക്കും അഫിലിയേഷൻ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ജെപഎച്ച്എൻ പരിശീലന കേന്ദ്രങ്ങളില്‍ എഎന്‍എം കോഴ്സിനായി അംഗീകരിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 25 ആയിരിക്കെ 45 പേരെ പ്രവേശിപ്പിച്ചതായി കണ്ടെത്തി.
സർക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഇന്ധന രജിസ്റ്റര്‍ , മെയിന്‍റനന്‍സ് രജിസ്റ്റര്‍ എന്നിവ പരിപാലിക്കുന്നില്ല. കൗണ്‍സിലിലെ കംപ്യൂട്ടര്‍ അറ്റകുറ്റപ്പണിക്ക് വാർഷിക പരിപാലന ഉടമ്പടി നിലവിലുള്ളപ്പോൾ മറ്റൊരു സ്ഥാപനത്തിന് മെയിന്‍റനൻസ് ജോലി നല്‍കി. ടിവി വാങ്ങിയപ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ല. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് കവര്‍ പ്രിന്‍റിങ്ങിന് ടെണ്ടര്‍ ക്ഷണിക്കാതെ ക്വട്ടേഷൻ നല്‍കി തുടങ്ങിയ ഗുരുതര വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam