
പത്തനംതിട്ട: ചോർച്ച കണ്ടെത്തിയ പത്തനംതിട്ട മണിയാർ ഡാമിന്‍റെ അറ്റക്കുറ്റപ്പണിക്ക് കേന്ദ്ര ജല കമ്മിഷന്‍റെ സഹായം തേടി ജലസേചന വകുപ്പ്. അറ്റകുറ്റപണികള്‍ നടത്തിയിട്ടും ഡാമിന്‍റെ ചോർച്ച പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് നവീകരണത്തിന് 18 കോടിയുടെ സഹായം ജലസേചന വകുപ്പ് തേടിയത്.
പ്രളയത്തെ തുടർന്ന് മണിയാർ അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തകരാറിലായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിൽ 25 ലക്ഷം രൂപ മുടക്കി അറ്റക്കുറ്റപ്പണി പൂർത്തിയാക്കി. എന്നാൽ വീണ്ടും മഴ ശക്തിപ്പെട്ടതോടെ ഷട്ടറുകളില്‍ ചോർച്ച ഉണ്ടായി. തുടർന്നാണ് ഷാട്ടറുകൾ മുഴുവൻ മാറ്റണമെന്ന തീരുമാനത്തിലേക്ക് ജലസേചന വകുപ്പ് എത്തുന്നത്. ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കാനായി 10 കോടി രൂപ നേരത്തെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ട് പുനരുദ്ധാരണത്തിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും ഉള്ള പദ്ധതിയിൽപ്പെടുത്തി പതിനെട്ടര കോടിയാണ് ഒടുവിൽ കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെട്ടത്. ജലകമ്മിഷനിൽ നിന്നുള്ള 7 അംഗ സംഘം അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ആശങ്കപ്പെടേണ്ട അവസ്ഥ ഇപ്പോൾ ഇല്ലെന്നാണ് അധികൃതരുടെ വാദം.
മറ്റന്നാൾ കൊച്ചിയിൽ ചേരുന്ന വാട്ടർ കമ്മിഷന്‍റെ യോഗത്തിൽ തുക അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. 1976-ലാണ് മണിയാർ ഡാം നിര്‍മ്മിച്ചത്. പമ്പ നദിയിലും ഉപനദികളിലുമായി 13 അണക്കെട്ടുകൾ ഉണ്ടെങ്കിലും ജലസേചന വകുപ്പിന് കീഴിലുള്ള ഒരേ ഒരു അണക്കെട്ട് മണിയാര്‍ മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam