തളിപ്പറമ്പിൽ‌ ടികെ ​ഗോവിന്ദൻ ഭീഷണിയാകുമോ? സിപിഎമ്മിന് തലവേദനായി കണ്ണൂർ ജില്ലയിലെ 2 മണ്ഡലങ്ങൾ

Published : Mar 19, 2026, 04:29 PM IST
Kannur CPM Issue

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലെ സിപിഎമ്മിൽ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ, തളിപ്പറമ്പിൽ പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ടികെ ഗോവിന്ദൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. 

അടുത്ത കാലത്തൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് കണ്ണൂരിലെ സിപിഎം ഈ നിയമസഭ തെരഞ്ഞെടുപ്പിൽ‌ നേരിടുന്നത്. തെരഞ്ഞെടുപ്പിന് പ്രഖ്യാപനത്തിന് മാസങ്ങൾക്കുമുമ്പാണ് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂ​ദനെതിരെ മുൻ സിപിഎം ഏരിയ സെക്രട്ടറിയും ജില്ല കമ്മറ്റി മെമ്പറുമായിട്ടുള്ള എം കുഞ്ഞികൃഷ്ണൻ ​ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ തളിപ്പറമ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുൻ സിപിഎം കണ്ണൂർ‌ ജില്ല സെക്രട്ടറിയേറ്റ് അം​ഗം ടികെ ​ഗോവിന്ദൻ പരസ്യമായി പത്രസമ്മേളനം വിളിച്ചതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. വിമതനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയുള്ള അതൃപ്തിയാണ് ടികെ ഗോവിന്ദന്‍റെ പരസ്യ പ്രസ്താവനയ്ക്ക് കാരണമായത്. പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും ഇതുവരെ തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും ടികെ ​ഗോവിന്ദൻ ആരോപിച്ചിരുന്നു. പയ്യന്നൂരിൽ എം കുഞ്ഞികൃഷണൻ്റെ ആരോപണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആരോപണമാണ് ടികെ ​ഗോവിന്ദൻ്റേത്. അതുകൊണ്ടുതന്നെ സിപിഎം അനുഭാവികളിൽനിന്ന് വി കുഞ്ഞികൃഷ്ണന് ലഭിക്കുന്ന അത്രത്തോളം പിന്തുണ ടികെ ​ഗോവിന്ദന് ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാർത്താസമ്മേളനത്തിൽ, ആരോപണം നേരിടുന്ന ടിഐ മധുസൂദനനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്ന പ്രസ്താവനയും ടികെ ​ഗോവിന്ദൻ നടത്തിയിരുന്നു. പയ്യന്നൂരിലോ തളിപ്പറമ്പിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സിപിഎം നേതൃത്വത്തിനെതിരെയുള്ളള വി കുഞ്ഞികൃഷ്ണൻ്റെയും ടികെ ​ഗോവനിന്ദൻ്റെയും ആരോപണങ്ങളെന്ന് ഇതിലൂടെതന്നെ വ്യക്തമാണ്. പയ്യന്നൂർ തളിപ്പറമ്പ് നിയമസഭ മണ്ഡലങ്ങൾ എപ്പോഴും സിപിഎമ്മിനെ അനുകൂലിച്ചുള്ള മണ്ഡലങ്ങളാണ്. പയ്യന്നൂരാണെങ്കിൽ സിപിഎമ്മിൻ്റെ കുത്തക മണ്ഡലമാണ്. ഈ രണ്ടു മണ്ഡലങ്ങളിൽ ചെറിയ തോതിൽ പോലും ഇടതുവോട്ടുകൾക്ക് വിള്ളൽ സംഭവിക്കുന്നുണ്ടെങ്കിൽ അത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്.

ഇതുകൊണ്ടുതന്നെയാണ് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ഉള്‍പ്പെടെയുള്ള വിമതസ്വരങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ സിപിഎം നിര്‍ദേശം നൽകിയിരിക്കുന്നതും. തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ടികെ ഗോവിന്ദന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി, ജമാഅത്തെ ഇസ്ലാമി ഒഴികെ എല്ലാവരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞിട്ടുമുണ്ട്.

സിപിഎമ്മിൻ്റെ ഇളകാത്ത കോട്ട

പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടതന്നെയാണ് തളിപ്പറമ്പ്. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. ആ വിശ്വാസത്തിനു മുകളിലാണ് ടികെ ​ഗോവിന്ദൻ തീക്കനലിട്ടത്. പികെ ശ്യാമളയും ടികെ ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിലെ തളിപ്പറമ്പ് എംഎൽഎയായ എംവി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പികെ ശ്യാമളയെ നിർദേശിച്ചതുമുതൽ തന്നെ പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന്‌ കണ്ണൂരിലെ സിപിഎം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

ബന്ധുത്വം പരിഗണിച്ചല്ല ശ്യാമള സ്ഥാനാർഥിയായതെന്ന് വിശദീകരിച്ചാണ് സിപിഎം ഈ വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതെന്നും അങ്ങനെയാണ് പികെ ശ്യാമളയും സ്ഥാനാർഥിയായത്, അല്ലാതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടല്ല എന്നാണ് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാ​ഗേഷ് പ്രതികരിച്ചത്.

ചെങ്കോട്ടയും ആടി ഉലയാനുള്ള സാധ്യത

പയ്യന്നൂരിലെ സ്ഥിതിയല്ല തളിപ്പറമ്പിലേത്. നിയസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിടാതെ ഒപ്പം നിർത്താൻ സാധിക്കുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നടത്തുന്ന മുന്നേറ്റം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഈ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. 2019-ലും 2024-ലുമാണ് സുധാകരൻ ഇടതുകോട്ടകളെ വിറപ്പിച്ച് തേരോട്ടം നടത്തിയത്. 2019 ൽ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പി കെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. എന്നാൽ അക്ഷരാർഥത്തിൽ സിപിഎം ഞെട്ടിയത് തളിപ്പറമ്പിലെ വോട്ടിങ് നില കണ്ടിട്ടാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്ക് ജയിച്ച അതേ മണ്ഡലത്തിൽ, ലോക്സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കെ സുധാകരന് 725 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഈ ക്ഷീണം തീർത്തെങ്കിലും, 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പ് 2019നേക്കാൾ വലിയ പ്രഹരമാണ് കൊടുത്തത്. 8,787 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നേടിയത്. എന്നാൽസ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടാനായി എന്ന് സിപിഎമ്മിന് ആശ്വസിക്കാമെങ്കിലും നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണങ്ങൾ‌ വന്നാൽ ഈ ചെങ്കോട്ടയും ഉലയാനുള്ള സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ചേശ്വരത്ത് വീണ്ടും മത്സരത്തിനൊരുങ്ങി കെ സുരേന്ദ്രൻ; വിജയപ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് പ്രചാരണം
പുനലൂർ സീറ്റ് മുസ്ലിം ലീഗിന് നൽകിയാൽ കോൺഗ്രസ് വിമതൻ മത്സരിക്കും; നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കാൻ തീരുമാനം