ഇസ്രായേൽ പ്രതിനിധി സൗമ്യയുടെ വീട്ടില്‍; സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് കോൺസൽ ജനറൽ

By Web TeamFirst Published May 16, 2021, 11:56 AM IST
Highlights

സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.  

ഇടുക്കി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.  

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം  നിരവധി പേർ എത്തിച്ചേരും. 

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് പി സി ജോർജ്ജ് വിമര്‍ശിച്ചു. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!